ന്യൂഡൽഹി: പാറ്റകളെന്നു വിശേഷിപ്പിച്ചത് യുവാക്കെളെയല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വ്യാജ ഡിഗ്രിയുമായി പ്രാക്ടീസിനെത്തുന്ന അഭിഭാഷകരെയാണ് പാറ്റകളെന്ന് വിളിച്ചത്. രാജ്യത്തെ യുവാക്കളോട് തനിക്ക് ബഹുമാനമാണ്. യുവാക്കൾക്ക് നിയമപരമായ മാർഗങ്ങളിലൂടെ പരിഹരിക്കണമെന്ന് തോന്നുന്ന എന്തെങ്കിലും പരാതികളുണ്ടെങ്കിൽ, സുപ്രീംകോടതിയുടെ വാതിലുകൾ അവർക്കായി എപ്പോഴും തുറന്നിട്ടിരിക്കുന്നു. രാജ്യത്തെ യുവജനങ്ങളിൽനിന്നാണ് താൻ കരുത്താർജിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈവർഷം മേയ് 15-ന് നടന്ന ഒരു ഹിയറിങ്ങിനിടെയാണ് ജോലിയില്ലാത്ത യുവാക്കളെ പാറ്റകളുമായി താരതമ്യം ചെയ്തുള്ള ചീഫ് ജസ്റ്റിസിന്റെ പരാമർശമുണ്ടായത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കുകയും കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) എന്ന യുവസംഘടനയുടെ രൂപവത്കരണത്തിലേക്ക് നയിക്കുകയും ചെയ്തു. പിന്നീട് ചീഫ് ജസ്റ്റിസ് തന്റെ പരാമർശം മാധ്യമങ്ങൾ തെറ്റായി ഉദ്ധരിച്ചതായണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.
അതിനിടെ സി.ജെ.പി. മാർച്ചിനെതിരേയുണ്ടായ പോലീസ് അതിക്രമത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ഹർജി ഉടൻ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞെന്ന മാധ്യമ റിപ്പോർട്ടുകളും ചീഫ് ജസ്റ്റിസ് തള്ളി. അതിന്റെ വീഡിയോ കാണാൻ താത്പര്യമില്ലെന്നും സമയം പാഴാക്കരുതെന്നും പറഞ്ഞാണ് ഹർജി ഉടൻ പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയത്. എന്നാൽ, അത് ഹർജി ആയിരുന്നില്ലെന്നും നിവേദനം മാത്രമായിരുന്നെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അന്നുരാവിലെ പത്തുവരെ അങ്ങനെയൊരു ഹർജി ലഭിച്ചിട്ടില്ല. അതൊരു നിവേദനം മാത്രമായിരുന്നു. അതിനെ എങ്ങനെയാണ് റിട്ട് ഹർജിയായി പരിഗണിക്കുക. അപ്പോഴേക്കും മാധ്യമങ്ങൾ അശ്രദ്ധമായി റിപ്പോർട്ട് ചെയ്‌തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബുധനാഴ്ചയാണ് ഹർജി ഉടൻ പരിഗണിക്കണമെന്ന് അഭിഭാഷകൻ അഭ്യർഥിച്ചത്. അപ്പോഴാണ് അതൊന്നും കാണാൻ താത്പര്യമില്ലെന്നും സമയം പാഴാക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞത്.
Published: 25 Jul 2026, 10:38 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented