ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാന സര്‍വീസുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിച്ച് വ്യോമയാനമന്ത്രി കെ. റാം മോഹന്‍ നായിഡു. ആവശ്യമെങ്കില്‍ വിമാനക്കമ്പനിയുടെ സിഇഒയെ മാറ്റുന്നതുള്‍പ്പെടെയുള്ള കര്‍ശനവും ഉചിതവുമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വ്യോമയാനമന്ത്രി സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചത്.

To advertise here,

'അതെ, ഞാന്‍ ക്ഷമ ചോദിക്കുന്നു. ഈ മേഖല (വ്യോമയാന മേഖല) വളര്‍ച്ച കൈവരിക്കുന്നു എന്ന് ഉറപ്പാക്കേണ്ടത് ഒരു മന്ത്രിയെന്ന നിലയില്‍ എന്റെ ഉത്തരവാദിത്തമാണ്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ എന്റെ ഉത്തരവാദിത്തം ഇരട്ടിയാകും. കാര്യങ്ങള്‍ സാധാരണ നിലയിലാക്കാന്‍, ഇതിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍, ഇത്തരം സാഹചര്യങ്ങള്‍ ഭാവിയില്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ ഒക്കെ ഞാന്‍ ശ്രദ്ധിക്കണം. യാത്രക്കാരുടെ സുരക്ഷയ്‌ക്കൊപ്പം അവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം.' അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ഇന്‍ഡിഗോ മനഃപൂര്‍വം ചെയ്തതാണെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഇതിനെല്ലാം പിന്നില്‍ എന്തോ ഒരു ഉദ്ദേശ്യമുണ്ടെന്ന് തോന്നുന്നു. ഇന്‍ഡിഗോയുടെ പ്രവര്‍ത്തനരീതിയും പ്രവര്‍ത്തനങ്ങളെ അവര്‍ നിയന്ത്രിക്കുന്ന രീതിയും പരിഗണിക്കുമ്പോള്‍ ഇത്തരത്തിലൊരു സംഭവം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. എന്തുകൊണ്ടാണ് അത് ഒരു പ്രത്യേക സമയത്ത് തന്നെ സംഭവിച്ചത്? ആ സംഭവം എങ്ങനെയാണ് നമ്മളെ അത്തരത്തിലൊരു സാഹചര്യത്തില്‍ കൊണ്ടെത്തിച്ചത്? ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം ഞങ്ങള്‍ വിശദമായി അന്വേഷണം നടത്തിവരികയാണ്. തുടര്‍ന്ന് കര്‍ശനവും ഉചിതവുമായ നടപടികള്‍ സ്വീകരിക്കും.' മന്ത്രി പറഞ്ഞു.

ഇന്‍ഗിഡോ സിഇഒയെ പുറത്താക്കേണ്ടതായ ഒരു ഘട്ടമെത്തിയാല്‍ അത് ചെയ്യുമെന്നും നായിഡു പറഞ്ഞു. 'അങ്ങനെയൊരു ഘട്ടമെത്തിയാല്‍ തീര്‍ച്ചയായും അത് ചെയ്യും. നിയമത്തിലുള്ള എല്ലാ പിഴകളും അവര്‍ക്കുമേല്‍ ചുമത്തും. തീര്‍ച്ചയായും, എല്ലാ വശങ്ങളും പരിശോധിക്കും. കഴിഞ്ഞ ഏഴു ദിവസമായി എനിക്ക് ശരിയായി ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഓഫീസില്‍ ഇരുന്ന് തുടര്‍ച്ചയായി റിവ്യൂ മീറ്റിംഗുകള്‍ നടത്തുകയായിരുന്നു ഞാന്‍. ഈ ദിവസങ്ങളിലെല്ലാം എന്റെ ശ്രദ്ധ പ്രധാനമായും യാത്രക്കാരിലായിരുന്നു.' നായിഡു വ്യക്തമാക്കി.

' ഇന്‍ഡിഗോ ഡിജിസിഎയെ നിയന്ത്രിക്കുന്നു എന്ന് കോടതിയില്‍ വിദഗ്ധരും എന്‍ജിഒകളും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അന്വേഷണം നടക്കുമ്പോള്‍, ഡിജിസിഎയെയും ഞങ്ങള്‍ പരിശോധിക്കും. ക്രിമിനല്‍ ബാധ്യത, നിയമത്തിലും ചട്ടങ്ങളിലും ഉള്ള എന്തും, യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് നടപ്പാക്കും. കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വന്നവരോട് എനിക്ക് ഇതേ പറയാനുള്ളൂ... നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ഞങ്ങള്‍ ഖേദിക്കുന്നു, ക്ഷമ ചോദിക്കുന്നു.' മന്ത്രി കൂട്ടിച്ചേര്‍ത്തു.