ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റര്‍ എന്നിവയ്‌ക്കെതിരെ വിമര്‍ശവുമായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ ശിവശങ്കര്‍ മേനോന്‍. വിദേശനയവുമായി ബന്ധപ്പെട്ട തിരിച്ചടികള്‍ക്ക് ഇവ ഇടയാക്കുമെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

To advertise here,

നിലവില്‍ വളരെ മോശമായ പ്രതികരണമാണ് ഇവ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിലുള്ളത്. നയതന്ത്രം കൂടുതല്‍ കടുപ്പമേറിയതാകും. നിലവില്‍ രാജ്യം ബഹുസ്വരവും മതേതരവുമായ ഒരു സമൂഹമാണ്. അതിനാല്‍ ഭീകരവാദം അടക്കമുള്ളവ വളരെ കുറഞ്ഞ അളവില്‍ മാത്രമെ ഇന്ത്യയെ ബാധിച്ചിട്ടുള്ളു. എന്നാല്‍, പുതിയ നീക്കത്തിലൂടെ രാജ്യമെന്ന ആശയംപോലും ചോദ്യംചെയ്യപ്പെടുകയാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് സ്ഥാനമില്ലെന്ന സ്ഥിതി വന്നാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും.

യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന നടപടികളുടെ തുടര്‍ച്ചയാണ് ഇവയെന്ന് ബിജെപി അവകാശപ്പെടുന്നു. എന്നാല്‍ അന്നത്തെ സാഹചര്യമല്ല ഇന്നുള്ളത്. ന്യൂനപക്ഷങ്ങള്‍ ഭയന്ന് കഴിയേണ്ടി വരുന്ന സാഹചര്യം ഇന്ന് സംജാതമായിരിക്കുന്നു. അതിനാല്‍ അന്നത്തെ സാഹചര്യങ്ങളുമായി നിലവിലെ സ്ഥിതിഗതികളെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി, എന്‍ആര്‍സി എന്നിവയില്‍ ആശങ്ക രേഖപ്പെടുത്തിയ പരിപാടിയ്ക്കിടെയാണ് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് സംസാരിച്ചത്.

Content Highlights; Citizenship Act: India may be isolated - Former National security adviser