ചെന്നൈ: ‘ടി.വി.കെ.യിലുള്ള സ്ത്രീകൾക്ക് മാത്രമാണോ അന്തസ്സുള്ളത്, മറ്റുസ്ത്രീകൾക്ക് അന്തസ്സ് ഉണ്ടാകാൻ പാടില്ലെന്നതാണോ പാർട്ടിയുടെ ഔദ്യോഗിക നിലപാട്?’ എന്ന ശക്തമായ ചോദ്യവുമായി ചെന്നൈ മേയർ ആർ. പ്രിയ. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച അശ്ലീല പോസ്റ്റിൽ ചെന്നൈ പോലീസ് കമ്മീഷണർക്കും തമിഴ്‌നാട് സൈബർ ക്രൈം വിങ്ങിനും പരാതി നൽകിയ ശേഷമാണ് തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാവും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയിയോടും അദ്ദേഹത്തിന്റെ പാർട്ടിയോടും മേയർ ചോദ്യമുന്നയിച്ചത്.

To advertise here,

ചൊവ്വാഴ്ചയാണ് തനിക്കെതിരെയുണ്ടായ അശ്ലീല സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ മേയർ പ്രിയ പരാതിയുമായി പോലീസിനെ സമീപിച്ചത്. ലൈംഗികമായി അപമാനിക്കുന്നതും തരംതാണ പരിഹാസത്തിലേക്ക് തള്ളിവിടുന്നതുമാണ് ഈ പോസ്റ്റെന്ന് പരാതിയിൽ പ്രിയ വ്യക്തമാക്കി. സ്ത്രീകളെ അധിക്ഷേപിക്കുന്ന നിലപാടുകളെ പരസ്യമായി തള്ളിപ്പറയുമ്പോഴും തങ്ങളുടെ അനുയായികൾക്ക് സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്താൻ ടി.വി.കെ. അനുവാദം നൽകുന്നുണ്ടോ എന്ന് അവർ ചോദിച്ചു.

പൊതുജീവിതത്തിൽ നിൽക്കുന്നതിന്റെ പേരിൽമാത്രം തനിക്കെതിരെ അശ്ലീലവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തുന്നത് ടി.വി.കെ.യുടെ നയമാണോയെന്ന് പ്രിയ ആരാഞ്ഞു. ‘ടി.വി.കെ. വിർച്വൽ വാരിയേഴ്സ്’ എന്ന പേരിൽ പ്രവർത്തിക്കാൻ അധിക്ഷേപകർക്ക് അവസരം നൽകുന്നത് ശരിയാണോയെന്ന് മുഖ്യമന്ത്രി വിജയിയോട് ചോദിച്ച മേയർ, പ്രധാന പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും എന്തുകൊണ്ട് ഉചിതമായ നടപടിയുണ്ടായില്ലെന്നും ചോദ്യമുന്നയിച്ചു. ആശയപരമായ സംവാദം നടത്തുന്നതിന് പകരം സ്ത്രീകളെ ഇങ്ങനെ അശ്ലീല രീതിയിൽ ചിത്രീകരിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകുമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പ്രിയ ചോദിച്ചു.

നടി ത്രിഷ കൃഷ്ണനെതിരെ ഡി.എം.കെ. നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശത്തെച്ചൊല്ലി മാസങ്ങൾക്ക് മുൻപുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മേയറുടെ ഈ പരാതി. അന്ന് ഉദയനിധിയുടെ പരാമർശങ്ങളെ ടി.വി.കെ. അപലപിച്ചിരുന്നു. കേസെടുത്തതിനെത്തുടർന്ന് ഉദയനിധിയെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. സംഭവത്തിന് പിന്നാലെ, സ്ത്രീകളെ അപമാനിക്കുന്നതിനെതിരെ ആരുടെയും പേരെടുത്തുപറയാതെ വിജയ് പ്രതികരിച്ചിരുന്നു.