ചണ്ഡീഗഢ്: പഞ്ചാബ് കോൺഗ്രസിൽ നേതൃമാറ്റത്തിനു പിന്നാലെ സുപ്രധാന യോഗം വിളിച്ചു ചേർത്ത് മുതിർന്ന കോൺഗ്രസ് നേതാവ് ചരൺജിത്ത് സിങ് ചന്നി. പഞ്ചാബിൽ ഹൈക്കമ്മാൻഡ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ചരൺജിത്ത് സിങ് ചന്നി മൊറിൻഡയിൽ  യോഗം വിളിച്ചു ചേർത്തത്.

To advertise here,

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ ചരൺജിത് സിങ് ചന്നിയെ അടുത്തവർഷം നടക്കാനിരിക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ ചുമതല ഹൈക്കമാൻഡ് ഏൽപ്പിച്ചിരുന്നു. പിസിസി അധ്യക്ഷസ്ഥാനത്ത് അമരിന്ദർ സിങ് രാജ വാറിങ് തന്നെ തുടരട്ടെ എന്നായിരുന്നു ഹൈക്കമാൻഡ് തീരുമാനം. എന്നാൽ ഛണ്ഡീഗഢ് എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന മനീഷ് തിവാരിയെ കമ്മിറ്റികളിൽ ഉൾപ്പെടുത്താത്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ചരൺജിത് സിങ് ചന്നി പിസിസി അധ്യക്ഷനാകുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഹൈക്കമാൻഡ് തീരുമാനം മറ്റൊന്നായിരുന്നു. ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെയാണ് ചന്നി തന്നെ അനൂകൂലിക്കുന്നവരുടെ യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് അമരീന്ദർ സിങ് രാജാ വാറിങ്ങിനെ മാറ്റണമെന്ന ആവശ്യവുമായി ചരൺജിത് സിങ് ചന്നിയുടെ അനുയായികൾ രംഗത്തെത്തി. ഇത് പാർട്ടിക്കുള്ളിലെ ഭിന്നത മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. 

യോഗത്തിനെത്തിയവരും ചരൺജിത് ചന്നി അധ്യക്ഷസ്ഥാനത്തെത്തണമെന്ന് ആവശ്യപ്പെട്ടു. അമരീന്ദർ സിങിന്റെ നേതൃത്വത്തിൽ പഞ്ചാബിന് ജയം അസാധ്യമാണെന്നും പൊതുജനങ്ങൾ അദ്ദേഹത്തെ പിന്തുണയ്ക്കില്ലെന്നും കോൺഗ്രസ് നേതാവ് തർസെം സിങ് ഡിസി പറഞ്ഞു. അടുത്ത മുഖ്യമന്ത്രിയായ പൊതുജനം കാണാൻ ആഗ്രഹിക്കുന്നത് ചരൺജിത് സിങ് ചന്നിയെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന് ലഭിക്കുന്ന വൻസ്വീകാര്യതയും നേതാക്കൾ ചൂണ്ടിക്കാട്ടി.

മുൻ ഉപമുഖ്യമന്ത്രി ഒ.പി. സോണി, മുൻ മന്ത്രിമാരായ ത്രിപ്ത് രജീന്ദർ സിഭ് ബജ്വ, സുഖ്ബിന്ദർ സിഖ് സർകാരിയ, ഗുപ്രീത് സിങ് കങ്കർ, ഭരത് ഭൂഷൺ അഷു, റാണ ഗുർജീത് സിങ്, ഗുർകിരത് സിങ് കൊട്ലി അടക്കമുള്ളവരും മുതിർന്ന കോൺഗ്രസ് നേതാക്കളും എംഎൽഎമാരും മുൻ എംഎൽഎമാരും അടക്കം യോഗത്തിൽ പങ്കെടുത്തതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. മുൻ എംപി മുഹമ്മദ് സാദികും യോഗത്തിൽ പങ്കെടുത്തതായാണ് വിവരം.

മീറ്റിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പഞ്ചാബിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈക്കമാൻഡ് പുതിയ നേതൃത്വത്തെ നിശ്ചയിച്ച് മണിക്കൂറുകൾക്കകമാണ് ഇവർ യോഗം ചേർന്നത്. ഇത് പാർട്ടിയുടെ ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ വേണ്ടിയാണെന്ന തരത്തിലും വിവരങ്ങളുണ്ട്.