ബുലന്ദ്ഷര്‍ : ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷര്‍ ജില്ലയില്‍വച്ച് തന്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെപ്പ് ഉണ്ടായതായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഭീം ആര്‍മി അരങ്ങേറ്റം കുറിക്കാനിരിക്കെയാണിത്. 

To advertise here,

ബുലന്ദ്ഷറില്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥി ഹസി യാമീന്റെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് ആസാദ് നിശ്ചയിച്ചിരുന്നത്. ഭീം ആര്‍മിയുടെ സാന്നിധ്യം മറ്റുപാര്‍ട്ടികളെ ഭയപ്പെടുത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഭയംമൂലം ഉറക്കം നഷ്ടപ്പെട്ടവരാണ് തന്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെച്ചതെന്നും അദ്ദേഹം പറയുന്നു. 

എന്നാല്‍, വെടിവെപ്പുണ്ടായെന്ന പരാതി ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബുലന്ദ്ഷര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ സിങ് പറഞ്ഞു. ന്യൂസ് ചാനലുകളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

ബുലന്ദ്ഷറിലെ ബിജെപി എംഎല്‍എ വീരേന്ദ്ര സിറോഹി മരിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബുലന്ദ്ഷര്‍ അടക്കം യു.പിയിലെ ഏഴു സീറ്റുകളില്‍ നവംബര്‍ മൂന്നിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഹാഥ്‌റസ് കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മി ശക്തമായ പ്രതിഷേധവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.

Content Highlights: Chandrasekhar Azad says his convoy attacked in UP's Bulandshahr