ന്യൂഡൽഹി: ചണ്ഡീഗഢിനെ ഭരണഘടനയുടെ 240-ാം അനുച്ഛേദത്തിന് കീഴിൽ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരേ പഞ്ചാബ് രംഗത്തെത്തിയതോടെ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചണ്ഡീഗഢിനായുള്ള കേന്ദ്ര നിയമനിർമ്മാണ പ്രക്രിയ ലളിതമാക്കാനുള്ള നിർദ്ദേശം പരിഗണനയിൽ മാത്രമാണെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
ചണ്ഡീഗഢിലെ നിലവിലുള്ള ഭരണസംവിധാനത്തിൽ മാറ്റംവരുത്താനോ പഞ്ചാബുമായോ ഹരിയാണയുമായോ ഉള്ള പരമ്പരാഗത ബന്ധത്തിൽ വ്യതിയാനമുണ്ടാക്കാനോ ഈ നിർദ്ദേശം ലക്ഷ്യമിടുന്നില്ലെന്ന് മന്ത്രാലയം അറിയിച്ചു. "കേന്ദ്രഭരണ പ്രദേശത്തിനായി കേന്ദ്രസർക്കാർ നടത്തുന്ന നിയമനിർമ്മാണ പ്രക്രിയ ലളിതമാക്കാൻ മാത്രമാണ് ഈ നിർദ്ദേശം, ഇത് ഇപ്പോഴും സർക്കാർ തലത്തിൽ പരിഗണനയിലാണ്," മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
നിയമസഭകളില്ലാത്ത ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ദാദ്ര & നാഗർ ഹവേലി, ദാമൻ & ദിയു തുടങ്ങിയ മറ്റ് കേന്ദ്രഭരണ പ്രദേശങ്ങൾക്ക് തുല്യമായി ചണ്ഡീഗഢിനെ മാറ്റാനുള്ള ബിൽ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടത്. ഈ നീക്കം പഞ്ചാബിലുടനീളം വലിയ എതിർപ്പുകൾക്ക് കാരണമായി. ചണ്ഡീഗഢിന്മേലുള്ള പഞ്ചാബിന്റെ ദീർഘകാല അവകാശവാദം ദുർബലപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ ആരോപിച്ചു.
ചണ്ഡീഗഡിനെ ഭരണഘടനയുടെ 240-ാം അനുച്ഛേദത്തിന്റെ പരിധിയിൽ കൊണ്ടുവന്നാൽ കേന്ദ്രഭരണ പ്രദേശത്തിനായി രാഷ്ട്രപതിക്ക് നേരിട്ട് ചട്ടങ്ങൾ രൂപവത്കരിക്കാനാകും. ഭരണഘടനയുടെ 240-ാം അനുച്ഛേദം അനുസരിച്ച് (എ) ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, (ബി) ലക്ഷദ്വീപ്, (സി) ദാദ്ര, നഗർ ഹവേലി, (ഡി) ദാമൻ, ദിയു, (ഇ) പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ സമാധാനം, പുരോഗതി, സദ്ഭരണം എന്നിവയ്ക്കായി രാഷ്ട്രപതിക്ക് ചട്ടങ്ങൾ രൂപവത്കരിക്കാവുന്നതാണ്. ഡിസംബർ ഒന്നിന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിൽ ഭരണഘടന (131-ാം ഭേദഗതി) ബിൽ 2025 അവതരിപ്പിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നതെന്നാണ് പാർലമെന്റ് ബുള്ളറ്റിനിലുള്ളത്.
Content Highlights: India`s Home Ministry clarifies that proposals to simplify Chandigarh`s governance are under consideration, not a final decision, amid Punjab`s opposition.
Published: 23 Nov 2025, 03:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented