ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തില്‍ കേന്ദ്രവും കേരളവും തമ്മിലുള്ള നിയമപോരാട്ടം മുറുകുന്നു. സുപ്രീംകോടതിയിലെ സ്യൂട്ട് ഹര്‍ജി പിന്‍വലിച്ചാല്‍ 11,731 കോടി രൂപ കടമെടുക്കാന്‍ ഇന്നുതന്നെ കേരളത്തിന് അനുമതി നല്‍കാമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ കേസ് ഇല്ലെങ്കില്‍പോലും ഈ തുക കടമെടുക്കാനുള്ള അര്‍ഹത സംസ്ഥാനത്തിനുണ്ടെന്ന് കേരളം മറുപടി നല്‍കി. 26,000 കോടി അടിയന്തിരമായി കടമെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നല്‍കിയ സ്യൂട്ട് ഹര്‍ജിയില്‍ മാര്‍ച്ച് 6, 7 തീയതികളില്‍ വിശദമായി വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

To advertise here,

കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ച നടന്നിരുന്നു. ഈ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന ഒരു കുറിപ്പ് കേന്ദ്ര സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍. വെങ്കിട്ട രാമന്‍ കോടതിക്ക് കൈമാറി. എന്നാല്‍, കടമെടുക്കാനുള്ള അനുമതിക്ക് സുപ്രീംകോടതിയില്‍ നല്‍കിയ സ്യൂട്ട് ഹര്‍ജി പിന്‍വലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നതായി കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ആരോപിച്ചു.

2023-'24 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് കടമെടുക്കാന്‍ കഴിയുക 32,432 കോടി രൂപയാണെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് മുമ്പുതന്നെ 34,230 കോടി രൂപ കേരളം കടമെടുത്തിട്ടുണ്ട് എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. ഇതിനുപുറമെയാണ് 11,731 കോടി കടം എടുക്കാന്‍ അനുവദിക്കുന്നത്. ഊര്‍ജ മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്ക് എടുക്കാന്‍ അനുവദിക്കുന്ന തുകകൂടി ചേര്‍ത്താല്‍ കേരളത്തിന് ഈ വര്‍ഷം എടുക്കാവുന്ന കടം 48,049 കോടി ആകുമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞു. 32,432 കോടി രൂപ മാത്രം എടുക്കാന്‍ അര്‍ഹത ഉള്ളപ്പോഴാണ് ഇത്രയും തുകയ്ക്ക് അനുമതി നല്‍കുന്നതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. എന്നാല്‍, സുപ്രീംകോടതിയിലെ കേസ് പിന്‍വലിച്ചാല്‍ മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ പറയുന്ന 11,731 കോടി കേരളത്തിന് അര്‍ഹതപ്പെട്ട കടമെടുപ്പ് പരിധിക്കുള്ളില്‍ പെടുന്നതാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയിലെ കേസുമായി ആ തുകയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വാദിച്ചു. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും ഊര്‍ജ മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്ക് 5000 കോടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സുപ്രീംകോടതിയിലെ കേസ് ചൂണ്ടിക്കാട്ടി കേരളത്തിന് മാത്രം ഇത് നിഷേധിക്കുന്നുവെന്നും സിബല്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ. ശശിയും കേരളത്തിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായി.

ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ 'പ്ലാന്‍ ബി' പരമര്‍ശിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്രം കേരളത്തെ കടമെടുക്കാന്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് 'പ്ലാന്‍ ബി' ഉണ്ടെന്ന് അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍. ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ടെന്ന് അദ്ദേഹം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, എടുക്കുന്ന കടം വരുംവര്‍ഷത്തെ പരിധിയില്‍ അഡ്ജസ്റ്റ് ചെയ്യണമെന്ന് സിബല്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം കുറച്ചുമാത്രമേ കടമെടുത്തിട്ടുള്ളൂ എന്നും സിബല്‍ പറഞ്ഞു.

വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ കേരളം ചെലവഴിക്കുന്ന തുക രാജ്യത്തെ ഒരു സംസ്ഥാനവും ചെലവഴിക്കുന്നില്ലെന്ന് സിബല്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് മുന്‍കാലങ്ങളില്‍ അധിക കടം എടുക്കേണ്ടി വന്നതെന്നും സിബല്‍ പറഞ്ഞു. അതേസമയം, സംസ്ഥാനങ്ങളുടെ ശരാശരി ചെലവ് റവന്യു വരുമാനത്തിന്റെ 60 ശതമാനം ആണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.

എന്നാല്‍, കേരളത്തിന്റേത് 82 ശതമാനം ആണെന്നും, ഇത് ദേശീയ ശരാശരിയേക്കാള്‍ 22 ശതമാനം കൂടുതലാണെന്നും അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ പറഞ്ഞു. ഹര്‍ജി കേരളത്തിന്റേതാണെങ്കിലും  എല്ലാ സംസ്ഥാനങ്ങളെയും കണക്കിലെടുത്തേ ഉത്തരവിറക്കൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. ധനകാര്യ വിഷയത്തില്‍ ഇടക്കാല ഉത്തരവിറക്കാനുള്ള ബുദ്ധിമുട്ടും സുപ്രീംകോടതി വാദത്തിന് ഇടയില്‍ ചൂണ്ടിക്കാട്ടി.