മുംബൈ: കൈക്കൂലി ആരോപണത്തെ തുടർന്ന് മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥൻ സിപിഎസ് ചൗഹാൻ്റെ വസതിയിൽ സിബിഐ നടത്തിയ റെയ്ഡിൽ ആഡംബര കാറുകൾ, പ്രീമിയം വാച്ചുകൾ, കോടികളുടെ സ്വത്തുകളുമായി ബന്ധപ്പെട്ട രേഖകൾ മുതലായവ കണ്ടെടുത്തതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
സാന്താക്രൂസ് ഇലക്‌ട്രോണിക് എക്‌സ്‌പോർട്ട് പ്രോസസിംഗ് സോണുമായി (SEEPZ) ബന്ധപ്പെട്ട കൈക്കൂലി കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഉദ്യോഗസ്ഥന്റെ വസതിയിൽ സിബിഐ അധികൃതർ പരിശോധന നടത്തിയത്. റോളക്‌സ്, റാഡോ തുടങ്ങിയ ബ്രാൻഡുകളുടെ പ്രീമിയം വാച്ചുകൾക്കൊപ്പം ബിഎംഡബ്ല്യു, മെഴ്‌സിഡസ് കാറുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. കോടികളുടെ മൂല്യം കണക്കാക്കുന്ന 27 സ്ഥാവര ജംഗമ വസ്തുക്കളുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
സിപിഎസ് ചൗഹാനും കേസിൽ ഉൾപ്പെട്ട മറ്റു ഉദ്യോഗസ്ഥരും ചേർന്ന് സ്ഥലം അനുവദിക്കൽ, ഇറക്കുമതി ചെയ്ത വസ്തുക്കളുടെ വിനിയോഗം, കരാർ അനുമതി എന്നിവയുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
ഡിസംബർ 17-ന് ഓഫീസിൽ ഒരു സംയുക്ത പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ മനോജ് ജോഗ്ലേക്കർ എന്ന വ്യക്തി മുതിർന്ന ഉദ്യോഗസ്ഥർക്ക് വേണ്ടി കൈക്കൂലി വാങ്ങിയതായി സിബിഐ കണ്ടെത്തി. സിപിഎസ് ചൗഹാൻ, ഡെപ്യൂട്ടി ഡെവലപ്‌മെൻ്റ് കമ്മീഷണർ ഡോ. വരവന്ത്കർ പ്രസാദ് ഹനുമന്തറാവു, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് വേണ്ടിയാണ് കൈക്കൂലി വാങ്ങിയതെന്ന് മനോജിനെ ചോദ്യം ചെയ്തതിൽ നിന്ന് വ്യക്തമായി.
കൈക്കൂലി പണമായ 60 ലക്ഷം രൂപയും ഓഫീസിൽ നിന്ന് കണ്ടെത്തി. സഞ്ജീവ് കുമാർ മീണ, രഞ്ജിത് റാവുൾ, അനിൽ ചൗധരി, ഡോ. വരവന്ത്കർ, കാഞ്ചി ഗുപ്ത എന്നീ ഉദ്യോഗസ്ഥരാണ് കൈക്കൂലി ആരോപണത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ പേരുകൾ മനസിലാക്കാൻ കോഡുകൾ രേഖപ്പെടുത്തിയ കവറുകളിലായിരുന്നു പണം കണ്ടെത്തിയത്. എസ്.എം, ആർ.ആർ., എ.സി., ഡി.ഡി.സി. എന്നിങ്ങനെയായിരുന്നു കോഡുകൾ. ആർ.ആർ എന്ന് രേഖപ്പെടുത്തിയിരുന്ന ഒരു കവറിൽ നിന്ന് 63,500 രൂപയാണ് കണ്ടെടുത്തത്.
സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും പിന്നീട് മൂവർക്കും ജാമ്യം ലഭിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Content Highlights: CBI seized luxury cars and watches from IRS officer's home
Published: 19 Dec 2024, 02:52 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented