കൊല്‍ക്കത്ത: ജഡ്ജി പദവിയില്‍നിന്ന് രാജി വെക്കാനൊരുങ്ങുന്നതായി കല്‍ക്കട്ട ഹൈക്കോടതി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് കത്തയയ്ക്കുമെന്ന് അദ്ദേഹം ഞായറാഴ്ച അറിയിച്ചു.
അതേസമയം, രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ജഡ്ജി പദവി വിട്ടൊഴിയുന്നതെന്നാണ് ചില മാധ്യമങ്ങള്‍ നല്കുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
"കല്‍ക്കട്ട ഹൈക്കോടതിയുടെ ജസ്റ്റിസ് പദവിയില്‍നിന്ന് ചൊവ്വാഴ്ച രാജി വെക്കും. രാജിക്കത്ത് രാഷ്ട്രപതിയ്ക്കും അതിന്റെ പകര്‍പ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അയയ്ക്കുന്നതാണ്. ഇന്ന് ഇതുസംബന്ധിച്ച് കൂടുതലായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പിന്നീട് പ്രതികരിക്കുന്നതാണ്", - ഗംഗോപാധ്യായ് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും രാജിയ്ക്ക് ശേഷം മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് ജ. അഭിജിത് ഗംഗോപാധ്യായ് നടത്തിയ വിധിപ്രസ്താവങ്ങള്‍ ശ്രദ്ധ നേടിയവയാണ്. ബംഗാള്‍ രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനും അവയ്ക്ക് സാധിച്ചു. എംബിബിഎസ് പ്രവേശനത്തിലെ ക്രമക്കേട്, അധ്യാപകനിയമത്തിലെ ക്രമക്കേട് തുടങ്ങിയ അന്വേഷിക്കാന്‍ സിബിഐ, ഇഡി എന്നീ കേന്ദ്ര അന്വേഷണഏജന്‍സികള്‍ക്ക് പല തവണ ജ. അഭിജിത് ഗംഗോപാധ്യായ് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഗംഗോപാധ്യായുടെ നടപടികള്‍ പലതരത്തിലും മമത സര്‍ക്കാരിന് തലവേദനയായി മാറുകയും ചെയ്തു.
Content Highlights: Calcutta HC Justice Abhijit Gangopadhyay to resign may join politics
Published: 03 Mar 2024, 08:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented