ന്യൂഡല്‍ഹി: ചെറുകിട-ഇടത്തരം വ്യവസായങ്ങ(എം.എസ്.എം.ഇ.)ളുടെ നിര്‍വചനത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര മന്ത്രിസഭായോഗം. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ യോഗം കൈക്കൊണ്ടു. ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാന്‍ ആസ്തി വികസന ഫണ്ട് രൂപവത്കരിക്കും. ഇതിനായി 20,000 കോടിയുടെ പാക്കേജിന് അംഗീകാരം നല്‍കിയെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.

To advertise here,

രണ്ടാം മോദി സര്‍ക്കാര്‍ രണ്ടാംവര്‍ഷത്തിലേക്ക് കടന്നതിനു ശേഷമുള്ള ആദ്യത്തെ മന്ത്രിസഭായോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. പ്രധാനമായും ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, കര്‍ഷികര്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവര്‍ക്കു വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് ഉണ്ടായത്.

ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ നിര്‍വചനത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നു. ഇതിനായി 2006-ലെ എം.എസ്.എം.ഇ.നിയമത്തിലാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. 50 കോടിയുടെ നിക്ഷേപവും 250 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ എം.എസ്.എം.ഇ.യുടെ പരിധിയില്‍ വരുത്തുന്നതാണ് ഭേദഗതി. 20,000 കോടിയുടെ പ്രത്യേക പാക്കേജിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാന്‍ ആസ്തി വികസന ഫണ്ട് രൂപവത്കരിക്കും. 20,000 കോടിയുടെ വായ്പ പദ്ധതിയിലൂടെ രണ്ടു ലക്ഷം പേര്‍ക്ക് ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. എം.എസ്.എം.ഇ. സംരംഭങ്ങള്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ സാവകാശം നല്‍കും. വഴിയോരക്കച്ചവടക്കാര്‍ക്ക് ഏഴ് ശതമാനം നിരക്കില്‍ വായ്പ നല്‍കും എന്നതുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളും നടന്നിട്ടുണ്ട്.

content highlights: Cabinet today has approved  Rs 20,000 crore subordinate debt for stressed MSME