ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി തീർപ്പ് ഉണ്ടാക്കുന്നതുവരെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആർക്കും പൗരത്വം നൽകരുതെന്ന് ഹർജിക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികൾ താത്കാലികമായിപോലും നിര്‍ത്തിവെക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി. നിയമം നടപ്പാക്കാൻ വേണ്ട കമ്മിറ്റികൾ പോലും ഇതുവരെ തയ്യാറായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

To advertise here,

സ്റ്റേയിൽ പൊരിഞ്ഞ തർക്കം, ആവശ്യം തള്ളിയിരുന്നുവെന്ന് കേന്ദ്രം, ഇല്ലെന്ന് മുസ്ലിം ലീഗ് 

പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ തന്നെ സുപ്രീം കോടതി തള്ളിയതാണെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിസ്റ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. 2020 ജനുവരിയിൽ സ്റ്റേ ആവശ്യം തള്ളിയെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ മുസ്ലിം ലീഗിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബലും, അഭിഭാഷകൻ ഹാരിസ് ബീരാനും ഈ വാദം തള്ളി. വിജ്ഞാപനം ആകാത്തതിനാൽ തങ്ങൾ സ്റ്റേ ആവശ്യപെട്ടിരുന്നില്ലെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. തുടർന്ന് 2020 ജനുവരിയിലെ ഉത്തരവ് പരിശോധിച്ച സുപ്രീം കോടതിക്ക്  സ്റ്റേ ആവശ്യം തള്ളിയിട്ടില്ലെന്ന് ബോധ്യപ്പെട്ടു.

സിഎഎ  കൊണ്ട് ഹർജിക്കാർക്ക് എന്ത് നഷ്ടം എന്ന് കേന്ദ്രം, പൗരത്വം ലഭിക്കുന്നവർക്ക് വോട്ടവകാശം ലഭിക്കുമെന്ന് ഇന്ദിര ജയ്സിങ്

പൗരത്വ നിയമ ഭേദഗതികൊണ്ട് എന്ത് നഷ്ടമാണ് ഹർജിക്കാർക്ക് എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആരാഞ്ഞു. സി.എ.എ. കാരണം ആരുടേയും പൗരത്വം നഷ്ടമാകില്ല. തെറ്റിധാരണ പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സി.എ.എയും എൻ.ആർ.സിയും രണ്ടാണ്. എൻ.ആർ.സിയുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിൽ ഇല്ലെന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടി. 

എന്നാൽ പൗരത്വം ലഭിക്കുന്നവർക്ക് വോട്ടവകാശം ലഭിക്കുമെന്നും അതാണ് തങ്ങളുടെ പ്രശ്നമെന്നും ഹർജിക്കാരിൽ ഒരാൾക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷക ഇന്ദിര ജയ്സിങ് ചൂണ്ടിക്കാട്ടി. അതേസമയം, നൽകിയ പൗരത്വം തിരികെ എടുക്കാൻ കഴിയില്ല എന്നതാണ് തങ്ങളുടെ വിഷയം എന്ന് കപിൽ സിബൽ കോടതിയിൽ ചൂണ്ടിക്കാട്ടി. 

കാർഷിക നിയമങ്ങൾ പോലെ നിയമം മരവിപ്പിക്കണം എന്ന് ആവശ്യം; എതിർത്ത് കേന്ദ്രം 

കാർഷിക നിയമങ്ങൾൾക്ക് എതിരായ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ നിയമം നടപ്പാക്കുന്നത് കോടതി മരവിപ്പിച്ചിരുന്നു. സമാനമായ രീതിയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതും മരവിപ്പിക്കണമെന്ന്  കോടതിയിൽ ആവശ്യം ഉയർന്നു. മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി  പ്രവർത്തിക്കുന്ന നിസ എന്ന സംഘടനയുടെ അധ്യക്ഷ വി പി സുഹറക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കാളീശ്വരം രാജ് ആണ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ ഈ ആവശ്യത്തെ കേന്ദ്രം സുപ്രീം കോടതിയിൽ ശക്തമായി എതിർത്തു.

പൗരത്വം നൽകിയാൽ എന്ത് ചെയ്യും?

സുപ്രീം കോടതി അന്തിമ തീർപ്പ് പറയുന്നതിന് മുമ്പ് നിയമത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള നടപടി ആരംഭിച്ചാൽ അത് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാൻ ഉള്ള അധികാരം വേണമെന്ന് ലീഗ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതിന് കമ്മിറ്റികൾ രൂപീകരിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ത്രിതല സംവിധാനം ആണ് പൗരത്വം സംബന്ധിച്ച തീരുമാനം എടുക്കേണ്ടതെന്ന് കേന്ദ്രവും കോടതിയിൽ വ്യക്തമാക്കി.

ഏപ്രിൽ 9 ന് എന്ത് നടക്കും ?

പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഏപ്രിൽ 8 ന് ഉള്ളിൽ  മറുപടി നൽകാൻ ആണ് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. ഏപ്രിൽ 9 ന് സ്റ്റേ ആവശ്യത്തിൽ സുപ്രീം കോടതി വാദം കേൾക്കും. ഹർജികൾ ഭരണഘടന ബെഞ്ചിലേക്ക് വിടണമോ എന്ന കാര്യത്തിലും അന്ന് തീരുമാനം ഉണ്ടാകും.

placeholder
 സുപ്രീം കോടതിയിൽ നിന്നും പുറത്ത് വരുന്ന മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ,  അബ്ദുൽ വഹാബ്  എന്നിവർ |ഫോട്ടോ:സാബു സ്‌കറിയാച്ചന്‍

237 ഹർജികൾ, മൂന്ന് ഡസണിൽ അധികം സീനിയർ അഭിഭാഷകർ, ആദ്യ അവസാനം സാദിഖ്‌ അലി തങ്ങൾ കോടതിയിൽ 

കേരള സർക്കാരും, മുസ്ലിം ലീഗും ഉൾപ്പടെ നൽകിയ 237 ഹർജികളാണ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചത്. സിപിഎം, സിപിഐ, ഡിവൈഎഫ്ഐ, രമേശ് ചെന്നിത്തല, ടി എൻ പ്രതാപൻ, നിസ, സമസ്ത, തുടങ്ങി വിവിധ സംഘടനകളും, വ്യക്തികളും നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയ്ക്കുവന്നത്. ഹർജിയിലെ നടപടികൾ വീക്ഷിക്കാൻ മുസ്ലിം ലീഗ് നേതാക്കളായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ ലീഗ് നേതാക്കൾ രാവിലെ മുതൽ കോടതിയിൽ ഉണ്ടായിരുന്നു.