ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന റെസ്ലിങ് ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ് അവസരം കിട്ടുമ്പോഴെല്ലാം സ്ത്രീത്വത്തെ അപമാനിച്ചിരുന്നു എന്ന് ഡല്‍ഹി പോലീസ് കോടതിയില്‍. വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ പരാതിയുടെ വിചാരണാവേളയിലാണ് പോലീസ് ബ്രിജ്ഭൂഷണെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. 

To advertise here,

താന്‍ ചെയ്യുന്നത് എന്താണെന്ന് ബ്രിജ്ഭൂഷണ് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്നും ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും പോലീസിനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയെ അറിയിച്ചു. രേഖാമൂലം നല്‍കിയ പരാതിയും സാക്ഷിമൊഴികളുമുള്‍പ്പടെയുള്ളവയാണിത്. 

അതേസമയം ബ്രിജ്ഭൂഷണെതിരായ ലൈംഗികാരോപണ കേസിനാസ്പദമായ സംഭവം നടന്നത് ഇന്ത്യയ്ക്ക് പുറത്താണെന്നും അതിനാല്‍ സിആര്‍പിസി സെക്ഷന്‍ 188 പ്രകാരമുള്ള അനുമതി കേസിനാവശ്യമാണെന്നും ബ്രിജ്ഭൂഷണിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ വാദത്തെ എതിര്‍ത്ത അതുല്‍ ശ്രീവാസ്തവ എല്ലാ കേസുകളും ഇന്ത്യയ്ക്ക് പുറത്തല്ല നടന്നതെന്നും അതിനാല്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്നും കോടതിയെ ബോധ്യപ്പെടുത്തി.

ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 15-നാണ് ബ്രിജ് ഭൂഷണിനെതിരേ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (സ്ത്രീകളുടെ അന്തസ്സ് ഹനിക്കല്‍), 354 എ (ലൈംഗികപീഡനം), 354 ഡി (പിന്തുടര്‍ന്ന് ശല്യംചെയ്യല്‍), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ കുറ്റങ്ങളാണ് ബ്രിജ് ഭൂഷണെതിരേ കുറ്റപത്രത്തിലുള്ളത്.