ന്യൂഡല്‍ഹി: ഗ്യാന്‍വാപി പള്ളിക്കേസില്‍ ഹിന്ദുവിഭാഗത്തിന്റെ അവകാശവാദത്തെ ചോദ്യം ചെയ്ത് മുസ്‌ലിം വിഭാഗം സമര്‍പ്പിച്ച മുഴുവന്‍ ഹര്‍ജികളും അലഹാബാദ് ഹൈക്കോടതി തള്ളി. 

To advertise here,

പള്ളി നിലനില്‍ക്കുന്ന സ്ഥലത്ത് ക്ഷേത്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 1991-ല്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി നിലനില്‍ക്കുമെന്നും വിഷയത്തില്‍ ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും വാരണാസിയിലെ വിചാരണ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. 

പ്രശസ്തമായ കാശി വിശ്വനാഥ് ക്ഷേത്രത്തിന് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ടതാണ് കേസ്. ഗ്യാന്‍വാപി മോസ്‌ക് കമ്മിറ്റിയുടെ മൂന്ന് ഹര്‍ജികളും ഉത്തര്‍ പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റെ രണ്ട് ഹര്‍ജികളുമാണ് ഹൈക്കോടതിക്ക് മുന്‍പിലെത്തിയത്. 

1991-ല്‍ വാരണാസി കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയുടെ സാധുത ചോദ്യംചെയ്യുന്നതായിരുന്നു ഇതില്‍ മൂന്ന് ഹര്‍ജികള്‍. 1991-ല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ആദി വിശ്വേശ്വര്‍ വിരാജ്മാനു വേണ്ടിയാണ് വാരണാസി കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടത്. 

എന്നാല്‍ 1991-ലെ പ്ലേസസ് ഓഫ് വര്‍ഷിപ്പ് ആക്ട് പ്രകാരം ഈ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് അന്‍ജുമാന്‍ ഇന്തെസാമിയ മസ്ജിദ് കമ്മിറ്റിയും യു.പി. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും കോടതിയെ സമീപിക്കുകയായിരുന്നു. 

എന്നാല്‍ ഗ്യാന്‍വാപി തര്‍ക്കം സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുന്‍പത്തേതാണെന്നും പ്ലേസസ് ഓഫ് വര്‍ഷിപ്പ് ആക്ടിന് കീഴില്‍ വരില്ലെന്നുമായിരുന്നു 91-ല്‍ സിവില്‍ കേസ് നല്‍കിയവരുടെ വാദം.