ന്യൂഡല്‍ഹി: കാശി വിശ്വനാഥക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ആരാധന നടത്താന്‍ അനുമതി നല്‍കിയതിനെതിരേ പള്ളിക്കമ്മിറ്റി നല്‍കിയ ഹര്‍ജി ഉടന്‍ കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരേ ആദ്യം ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. 

To advertise here,

ബുധനാഴ്ച ജില്ലാ കോടതിയുടെ ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കകം മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്‍ രാത്രിയോടെ സുപ്രീംകോടതി രജിസ്ട്രാറുടെ വസതിയിലെത്തിയാണ് തങ്ങളുടെ ഹര്‍ജി ഉടന്‍ ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസുമായി ആലോചിച്ച് തീരുമാനം പറയാമെന്നാണ് രജിസ്ട്രാര്‍ ബുധനാഴ്ച രാത്രി അറിയിച്ചത്. വ്യാഴാഴ്ച രാവിലെ മസ്ജിദ് കമ്മിറ്റി അഭിഭാഷകനെ ഫോണില്‍ വിളിച്ച രജിസ്ട്രാര്‍, അലഹബാദ് ഹൈക്കോടതിയെ ആദ്യം സമീപിക്കാനാണ് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചതെന്ന് അറിയിച്ചു. 

പൂജ നടത്താനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരാഴ്ച സമയമുണ്ടായിട്ടും ബുധനാഴ്ച രാത്രി തന്നെ ഭരണകൂടം തിടുക്കപ്പെട്ട് നടപടിയെടുക്കുകയാണെന്ന് മസ്ജിദ് കമ്മറ്റി ആരോപിച്ചു. പള്ളിയില്‍ പരിശോധന നടത്താന്‍ കോര്‍ട്ട് കമ്മിഷണറെ നിയമിച്ച വാരാണസി കോടതിയുടെ 2022-ലെ ഉത്തരവ് ചോദ്യംചെയ്യുന്ന മസ്ജിദിന്റെ ഹര്‍ജി സുപ്രീംകോടതിയിലുണ്ട്. അതിലെ ഇടക്കാല അപേക്ഷയായാണ് പുതിയ ഹര്‍ജി നല്‍കിയത്.