ഭോപ്പാല്‍: സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മദ്യശാലയ്ക്ക് നേരെ ചാണമെറിഞ്ഞ് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഉമാ ഭാരതി. നിവാരി ജില്ലയിലെ ഓര്‍ഛ നഗരത്തിലെ മദ്യശാലയ്ക്ക് നേരെയാണ് ഉമാ ഭാരതി ചാണകമെറിഞ്ഞ് പ്രതിഷേധിച്ചത്. ഇതിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

To advertise here,

സംഭവത്തിന് പിന്നാലെ, അനുമതി ലഭിച്ച സ്ഥലത്തല്ല മദ്യശാല പ്രവര്‍ത്തിക്കുന്നതെന്നും പുണ്യനഗരമായ ഓര്‍ഛയില്‍ ഇത്തരമൊരു മദ്യശാല തുറന്നത് കുറ്റകരമാണെന്നും ഉമാ ഭാരതി ട്വീറ്റ് ചെയ്തു. അതേസമയം അനുമതി ലഭിച്ച സ്ഥലത്ത് തന്നെയാണ് മദ്യശാല പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  

മദ്യശാലയ്‌ക്കെതിരേ ജനങ്ങളുടെ പ്രതികരണം ഒരു കുറ്റമായി കാണാനാകില്ലെന്നും മതപരമായി പ്രാധാന്യമുള്ള ഇത്തരമൊരു സ്ഥലത്ത് മദ്യശാല തുടങ്ങിയതാണ് വലിയ കുറ്റമെന്നും ഉമാ ഭാരതി പറഞ്ഞു. ഭോപ്പാലില്‍ നിന്ന് 330 കിലോമീറ്റര്‍ അകലെയുള്ള ഓര്‍ഛയിലാണ് പ്രശസ്തമായ രാമരാജക്ഷേത്രം സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ രാമനവമി ദിനത്തില്‍ ഇവിടെ അഞ്ചുലക്ഷം ഭക്തരാണ് ദീപം തെളിയിച്ചത്. അപ്പോഴും ഈ മദ്യശാല പ്രവര്‍ത്തിച്ചിരുന്നതായി അറിഞ്ഞു. അയോധ്യയോളം പുണ്യമായാണ് ഈ ഭൂമിയെ കാണുന്നത്. അതുകൊണ്ടാണ് മദ്യശാലയ്ക്ക് നേരേ ചാണകം എറിഞ്ഞതെന്നും അവര്‍ പറഞ്ഞു. 

ചാണകം എറിയുന്നതിനിടെ വീഡിയോ എടുക്കുന്നവരോട് താന്‍ എറിയുന്നത് ചാണകമാണെന്നും കല്ലല്ലെന്നും ഉമാ ഭാരതി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. കഴിഞ്ഞ മാര്‍ച്ചില്‍ ആസാദ് നഗറിലെ ഒരു മദ്യശാലയ്ക്ക് നേരെ ഉമാ ഭാരതി കല്ലെറിഞ്ഞിരുന്നു. ഇതിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ബിജെപി ഭരിക്കുന്ന മുഴുവന്‍ സംസ്ഥാനങ്ങളിലും മദ്യനിരോധനം നടപ്പാക്കണമെന്നാണ് ഉമാ ഭാരതിയുടെ ആവശ്യം.