ന്യൂഡല്‍ഹി: ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് 'മതനിരപേക്ഷത', 'സോഷ്യലിസ്റ്റ്' എന്നീ വാക്കുകൾ നീക്കംചെയ്തുവെന്ന ആരോപണത്തോട് പ്രതികരിച്ച് ബി.ജെ.പി. ഭരണഘടന രൂപവത്കരിച്ചപ്പോൾ ഇത് ഇങ്ങനെയായിരുന്നുവെന്ന് കേന്ദ്ര പാര്‍ലമെന്റ്കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചു. 42-ാം ഭേദ​ഗതിയോടെയാണ് മാറ്റങ്ങൾ വരുത്തിയതെന്നും ഇതിന്റെ യഥാർഥ കോപ്പികളുണ്ടെന്നും മന്ത്രി പറഞ്ഞു.

To advertise here,

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തിൽ തങ്ങൾക്ക് ലഭിച്ച ഭരണഘടനയുടെ പകർപ്പുകളുടെ ആമുഖത്തിൽ 'മതനിരപേക്ഷത', 'സോഷ്യലിസ്റ്റ്' എന്നീ വാക്കുകൾ ഇല്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ലോക്‌സഭയിലെ പ്രതിപക്ഷ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി രം​ഗത്തെത്തിയിരുന്നു. വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഞാൻ ആമുഖം വായിച്ചപ്പോൾ ഈ രണ്ടു വാക്കുകളും കണ്ടില്ല. എന്നാൽ ഞാൻ ഇവ സ്വന്തം നിലയ്ക്ക് ചേർത്ത് വായിച്ചു. വിഷയം രാഹുൽ ​ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 1976-ൽ ഭേദഗതി വരുത്തിയാണ് ഈ വാക്കുകൾ ഉൾപ്പെടുത്തിയത്. നമ്മുടെ ഭരണഘടന മാറ്റാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിന് പിന്നിൽ, അധീർ രഞ്ജൻ ചൗധരി പറഞ്ഞു.