ന്യൂഡൽഹി: രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച വൻ സംഘടനാ അഴിച്ചുപണി നടക്കും. പാർട്ടിയിലെ ഈ വൻ പുനസംഘടനയ്ക്ക് തൊട്ടുപിന്നാലെ തന്നെ കേന്ദ്ര മന്ത്രിസഭയും പുനസംഘടിപ്പിക്കാനാണ് ബിജെപി ഉന്നത നേതൃത്വത്തിന്റെ നീക്കം. കഴിഞ്ഞ ഫെബ്രുവരിയിൽ പാർട്ടിയുടെ ഏറ്റവും പ്രായംകുറഞ്ഞ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റ പശ്ചാത്തലത്തിൽ, പുതിയ ഭാരവാഹി പട്ടികയിൽ യുവതലമുറയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് സാധ്യത.
ദേശീയ പ്രവർത്തക സമിതിയിലേക്ക് കേരളത്തിൽ നിന്ന് മൂന്ന് പ്രധാന നേതാക്കളുടെ പേരുകളാണ് മുൻഗണനാ പട്ടികയിലുള്ളത്. ദേശീയ നേതൃത്വത്തിലേക്ക് പുതുമുഖമായി പ്രതീക്ഷിക്കപ്പെടുന്ന അനൂപ് ആന്റണിക്ക് യുവമോർച്ച പ്രഭാരി സ്ഥാനം ഒഴിഞ്ഞ ശേഷം മറ്റ് കാര്യമായ ചുമതലകൾ നൽകിയിരുന്നില്ല. പുതിയ പട്ടികയിലൂടെ അദ്ദേഹത്തിന് അർഹമായ പരിഗണന ലഭിച്ചേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ ദേശീയ സെക്രട്ടറിയായ അനിൽ ആന്റണിക്ക് പുതിയ ദേശീയ നേതൃനിരയിലും സ്ഥാനം തുടർന്നുകിട്ടാനുള്ള സാധ്യതയേറെയാണ്. അവസാനഘട്ട സാധ്യതാ പട്ടികയിലുള്ള മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് പ്രായപരിധിയിൽ കടുംപിടുത്തമില്ലെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ സജീവമായ ചുമതല ലഭിച്ചേക്കും.
ഭരണം നഷ്ടപ്പെട്ട കർണാടകയിൽ അധികാരം തിരിച്ചുപിടിക്കാൻ അവിടെ ഒരു മുതിർന്ന നേതാവിന് തന്നെ ചുമതല നൽകാനാണ് ബിജെപി പദ്ധതിയിടുന്നത്. അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ വിദ്യാർത്ഥി സമരങ്ങളും രാമക്ഷേത്ര കൊള്ളയും പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ കോട്ടമുണ്ടാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടുള്ളതാകും പുതിയ ദേശീയ ഭാരവാഹി പട്ടിക.
ദേശീയ ഭാരവാഹി നിർണയം പൂർത്തിയായാൽ ഒട്ടും വൈകാതെ തന്നെ കേന്ദ്ര മന്ത്രിസഭാ പുനസംഘടനയും നടക്കും. നിർമല സീതാരാമൻ, ഹർദീപ് സിങ് പുരി എന്നിവർ മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക് പോയാൽ തരുൺ ചുക്, രാഘവ് ഛദ്ദ എന്നിവർക്ക് മന്ത്രിസ്ഥാനത്തേക്ക് നറുക്കുവീണേക്കാം. മഹാരാഷ്ട്രയിൽ നിന്ന് ദേവേന്ദ്ര ഫട്നാവിസിനെ കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കാൻ ശിവസേനയ്ക്കും താൽപര്യമുണ്ട്.
മിന്നും വിജയം നേടിയ പശ്ചിമ ബംഗാളിന് മന്ത്രിസഭയിൽ പ്രാധാന്യം നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനത്തിനൊപ്പം തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള എംപിമാരുടെ കൂറുമാറ്റവും ശ്രദ്ധേയമാണ്. നിലവിൽ കേന്ദ്രമന്ത്രിയായിരുന്ന ജോർജ് കുര്യൻ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിൽ കേരളത്തിൽ നിന്ന് അടുത്തതായി ആർക്കായിരിക്കും മന്ത്രിസഭയിലേക്ക് നറുക്കുവീഴുക എന്നതും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു.
Content Highlights: Major organizational reshuffle in BJP under party president Nitin Nabin. Three prominent leaders from Kerala expected to secure national committee berths. Union cabinet reshuffle anticipated immediately following the organizational overhaul. Strategic changes planned for poll-bound and politically crucial states.
Published: 17 Aug 2026, 09:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented