ശ്രീനഗർ: കന്നി പ്രസംഗത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ നിശിതമായി വിമർശിച്ച ബിജെപി എംഎൽഎയെ അഭിനന്ദിച്ച് ഭരണകക്ഷി അംഗങ്ങൾ. ദേവയാനി റാണയെന്ന ബിജെപിയുടെ യുവ എംഎൽഎ ബജറ്റ് അവതരണത്തിന് ശേഷമുള്ള ചർച്ചയിൽ സംസാരിക്കാനായി എഴുനേറ്റപ്പോൾ തന്നെ ഭരണകക്ഷി എംഎൽഎമാരെല്ലാവരും ഡെസ്‌കിലടിച്ച് പ്രതിപക്ഷ എംഎൽഎയെ പ്രോത്സാഹിപ്പിച്ചു. മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള തന്റെ 12 മിനിറ്റ് പ്രസംഗം കഴിഞ്ഞതിന് പിന്നാലെ സമാനമായി ഭരണകക്ഷി അംഗങ്ങൾ എംഎൽഎയെ അഭിനന്ദിക്കുകയും ചെയ്തു.

To advertise here,

അന്തരിച്ച പ്രമുഖ നേതാവ് ദേവീന്ദർ സിങ്‌ റാണയുടെ മകളാണ് ദേവയാനി. നഗ്രോത മണ്ഡലത്തിൽ നിന്നുള്ള ഉപതിരഞ്ഞെടുപ്പിലൂടെയാണ് അവർ സഭയിലെത്തിയത്. ഒമർ അബ്ദുള്ളയുടെ അടുത്ത സുഹൃത്തായിരുന്ന ദേവീന്ദർ സിങ്‌ റാണ പിന്നീട് ബിജെപിയിൽ ചേർന്നിരുന്നു. ദേവയാനിയുടെ കന്നി പ്രസംഗമായതിനാൽ അവരെ പ്രോത്സാഹിപ്പിക്കണമെന്ന് ജമ്മു കശ്മീർ നിയമസഭാ സ്പീക്കർ അബ്ദുൾ റഹീം റാത്തർ സഭാംഗങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇതനുസരിച്ചാണ് ഭരണകക്ഷി അംഗങ്ങളും എംഎൽഎയെ പിന്തുണച്ചത്.

ഏകദേശം 12 മിനിറ്റോളം നീണ്ടുനിന്ന ദേവയാനിയുടെ പ്രസംഗം സഭാംഗങ്ങൾ നിശബ്ദരായി കേട്ടിരിക്കുകയും പ്രസംഗത്തിനൊടുവിൽ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഡെസ്‌കിലടിച്ച് അഭിനന്ദിക്കുകയും ചെയ്തു. മുഖ്യമന്ത്രി ഒമർ അബ്ദുള്ള അവതരിപ്പിച്ച 1.13 ലക്ഷം കോടി രൂപയുടെ ബജറ്റിന്മേലാണ് ചർച്ച നടന്നത്.

ദുരന്ത നിവാരണ മേഖലയ്ക്കും വിദ്യാഭ്യാസത്തിനുമായി ബജറ്റിൽ വകയിരുത്തിയ തുക വലിയ തോതിൽ വെട്ടിക്കുറച്ചതിനെ ദേവയാനി റാണ ചോദ്യം ചെയ്തു. കഴിഞ്ഞ വർഷം 719 കോടി രൂപയായിരുന്ന ദുരന്ത നിവാരണ ഫണ്ട് ഈ വർഷം 350.76 കോടിയായി കുറഞ്ഞത് അവർ ചൂണ്ടിക്കാട്ടി. കശ്മീരിലുണ്ടായ പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഈ കുറവ് തിരിച്ചടിയാകുമെന്ന് അവർ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ 193 കോടി രൂപ കുറച്ചത് സാധാരണക്കാരായ കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ, ഭിന്നശേഷിക്കാർക്കായുള്ള ബസ് സർവീസുകളിൽ ആവശ്യമായ സംവിധാനങ്ങൾ ഇല്ലെന്നും അവർ വിമർശിച്ചു.