കൊൽക്കത്ത: 2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ച് ബിജെപി നേടിയ ചരിത്ര വിജയത്തിന് പിന്നിൽ ഒരു വർഷം നീണ്ടുനിന്ന അതിശക്തമായ നിശബ്ദമായ പ്രചാരണമാണെന്ന് റിപ്പോർട്ടുകൾ. വലിയ റാലികൾക്കും പ്രസംഗങ്ങൾക്കും അപ്പുറം, താഴെത്തട്ടിലുള്ള വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപിയും ആർഎസ്എസ് അനുബന്ധ സംഘടനകളും നടത്തിയ മൈക്രോ കാമ്പയിനുകളാണ് ബിജെപിയെ ഭരണത്തിലെത്തിച്ചത്. സെലിബ്രിറ്റികൾക്ക് പകരം ജനങ്ങളുമായി നിത്യേന ഇടപെടുന്ന ഓട്ടോ ഡ്രൈവർമാർ, ചെറിയ ബ്യൂട്ടി പാർലർ ജീവനക്കാർ, ചായക്കടക്കാർ, പലചരക്ക് വ്യാപാരികൾ എന്നിവരെ 'പ്രാദേശിക ഇൻഫ്‌ലുവൻസർമാരായി' ആർഎസ്എസ് കണ്ടെത്തി. യാത്രയ്ക്കിടയിലും കച്ചവടത്തിനിടയിലും വളരെ സ്വാഭാവികമായ സംഭാഷണങ്ങളിലൂടെ സർക്കാരിനെതിരെയുള്ള രാഷ്ട്രീയ സന്ദേശങ്ങൾ ഇവർ വോട്ടർമാരിലേക്ക് എത്തിച്ചു.കൊൽക്കത്തയിലെ മാത്രം ഏതാണ്ട് 50,000 ഓട്ടോറിക്ഷാ ഡ്രൈവർമാർ യാത്രയ്ക്കിടയിൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്ത് ബിജെപിക്ക് അനുകൂലമായ സാഹചര്യം ഒരുക്കി. ഗ്രാമീണ മേഖലകളിലെ ചെറിയ ബ്യൂട്ടി പാർലറുകൾ വഴി സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വോട്ടർമാരിലേക്ക് എത്തിച്ചു. 2021-ലെ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ ഔദ്യോഗിക യോഗങ്ങളേക്കാൾ കൂടുതൽ പ്രാധാന്യം നൽകിയത് വോട്ടർമാരുടെ വീടുകൾ സന്ദർശിക്കുന്നതിനാണ്. പ്രവർത്തകർ വോട്ടർമാരുടെ വീടുകളിൽ പോയി ചായയും ലഘുഭക്ഷണവും കഴിച്ച് സൗഹൃദപരമായ സംഭാഷണങ്ങളിലൂടെ സർക്കാരിനെതിരായ ജനവികാരം മുതലെടുത്തു.

To advertise here,

ആസൂത്രിതമായി അധികം ബഹളങ്ങളോ ആൾകൂട്ടമോ ഉണ്ടാക്കാതെ ഒരുവർഷത്തോളം നീണ്ടുനിന്ന ഈ പ്രചരണ തന്ത്രങ്ങളാണ് ബംഗാളിൽ മമത സർക്കാരിനെതിരെ ജനങ്ങളിലുണ്ടായിരുന്ന എതിർപ്പിനെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായ വോട്ടാക്കി മാറ്റിയതിന് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന്. ആർജി കർ ആശുപത്രി സംഭവം, സന്ദേശ്ഖാലിയിലെ അതിക്രമങ്ങൾ, തൃണമൂൽ നേതാക്കൾക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ എന്നിവ ബിജെപി ഈ രീതിയിൽ സർക്കാരിനെതരെ ആയുധമാക്കി. ഇതിനൊപ്പം ആർഎസ്എസ് അടിത്തട്ടിൽ നടത്തിയ പ്രവർത്തനങ്ങൾ തൃണമൂലിന്റെ വേരറുത്തു. ബംഗാളികളുടെ അസ്തിത്വം ഭീഷണിയിലാണെന്ന തോന്നൽ വോട്ടർമാരിൽ ഉണ്ടാക്കാൻ ആർഎസ്എസ് പ്രവർത്തനങ്ങളിലൂടെ സാധിച്ചു. ഏകദേശം 10 പേർ പങ്കെടുക്കുന്ന മൈക്രോ മീറ്റിംഗുകൾ നടത്തുകയും അവരോട് ഈ സന്ദേശം അടുത്ത 100 പേരിലേക്ക് എത്തിക്കാൻ ആവശ്യപ്പെടുകയുമാണ് ആർഎസ്എസ് ചെയ്തത്. ഇത്തരത്തിൽ ലക്ഷക്കണക്കിന് മൈക്രോ യോഗങ്ങളാണ് ബംഗാളിൽ ആർഎസ്എസ് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് നേരിട്ട് ആവശ്യപ്പെടുന്നതിന് പകരം, ഹിന്ദുത്വത്തെക്കുറിച്ചും ഹിന്ദുക്കൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ആർഎസ്എസ് അനുബന്ധ സംഘടനയായ ഹിന്ദു ജാഗരൺ മഞ്ച് പോലുള്ള സംഘടനകൾ ചെയ്തത്. ബംഗാളികളുടെ അസ്തിത്വം ഭീഷണിയിലാണെന്ന ചിന്ത വോട്ടർമാരിൽ എത്തിക്കാൻ ഇവർക്ക് സാധിച്ചു. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം, ജനസംഖ്യാ മാറ്റം, ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ എന്നിവ പ്രചാരണ വിഷയങ്ങളാക്കി. തൃണമൂൽ സർക്കാരിന്റെ കാലത്തെ അഴിമതിയും അക്രമങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്താൻ സോഷ്യൽ മീഡിയയെയും ഇവർ ഫലപ്രദമായി ഉപയോഗിച്ചു. ഔദ്യോഗികമായി വോട്ട് ചോദിച്ചില്ലെങ്കിലും, തിരഞ്ഞെടുപ്പിന് മുന്നോടിയായി വിപുലമായ വോട്ടർ സമ്പർക്ക പരിപാടികൾ ആർഎസ്എസ് സംഘടിപ്പിച്ചു. ഉയർന്ന പോളിംഗ് ശതമാനംഇത്തരത്തിലുള്ള സാമൂഹിക മാറ്റത്തിനായുള്ള ആർഎസ്എസ് പ്രവർത്തനങ്ങളുടെ ഫലമാണെന്ന് വിലയിരുത്തപ്പെടുന്നു.

ബിജെപിയാകട്ടെ ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ, കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് എന്നിവരുടെ നേതൃത്വത്തിൽ പാർട്ടി സംവിധാനം താഴെത്തട്ടിൽ ശക്തിപ്പെടുത്തി. ഏകദേശം 44,000 ബൂത്തുകൾ കേന്ദ്രീകരിച്ച് ഓരോ 30 മുതൽ 60 വോട്ടർമാർക്കും ഓരോ 'പന്ന പ്രമുഖു'മാരെ നിയോഗിച്ചിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ ഏറ്റവും താഴെത്തട്ടിലുള്ളതും എന്നാൽ ഏറ്റവും നിർണ്ണായകവുമായ ഒരു ചുമതലയാണ് പന്ന പ്രമുഖിന്റേത്. ലളിതമായി പറഞ്ഞാൽ, ഒരു വോട്ടർ പട്ടികയിലെ ഒരു പേജിന്റെ ചുമതലയുള്ള വ്യക്തിയാണ് ഇദ്ദേഹം. 'പന്ന' എന്നാൽ പേജ് എന്നും 'പ്രമുഖ്' എന്നാൽ ചുമതലക്കാരൻ എന്നുമാണ് അർത്ഥം. ഒരു വോട്ടർ പട്ടികയിൽ സാധാരണയായി ഒരു പേജിൽ 30 മുതൽ 60 വരെ വോട്ടർമാരുടെ വിവരങ്ങളുണ്ടാകും. ഈ ഒരു പേജിലെ വോട്ടർമാരെ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പാർട്ടി നിയോഗിക്കുന്ന പ്രവർത്തകനാണ് പന്ന പ്രമുഖ്.

ഇതിലൂടെ ഓരോ വോട്ടും പോൾചെയ്യപ്പെടുന്നുണ്ട് എന്ന് ഉറപ്പിക്കാൻ ബിജെപിക്കായി. ഓരോ ബൂത്തിലെയും വോട്ടുകൾ പരമാവധി പോൾ ചെയ്യിപ്പിക്കുക എന്നതായിരുന്നു തന്ത്രം. ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രചരണ തന്ത്രങ്ങളെ തുടർന്ന് 93 ശതമാനം എന്ന സർവകാല റെക്കോർഡ് പോളിംഗും ഇത്തവണ ബംഗാളിൽ രേഖപ്പെടുത്തി. ഫലം വന്നപ്പോൾ 294 സീറ്റുകളുള്ള നിയമസഭയിൽ 207 സീറ്റുകൾ നേടി ബിജെപി അധികാരമുറപ്പിച്ചു. 2021-ൽ 215 സീറ്റുകൾ ഉണ്ടായിരുന്ന തൃണമൂൽ കോൺഗ്രസ് ഇത്തവണ 80 സീറ്റുകളിലേക്ക് ചുരുങ്ങി. മേയ് 9-ന് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സുവേന്ദു അധികാരി പശ്ചിമ ബംഗാളിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബംഗാളിലെ ഈ മാറ്റം വെറും രാഷ്ട്രീയ വിജയമല്ലെന്നും മറിച്ച് ജനങ്ങളുടെ സ്വാഭാവികമായ പ്രതികരണമാണെന്നുമാണ് ആർഎസ്എസ് വൃത്തങ്ങൾ വിലയിരുത്തുന്നത്.