2019 ഡിസംബര്‍ 31ന് ഇന്തയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി ചുമതലയേറ്റ ഇന്ത്യന്‍ സൈന്യത്തിലെ ഫോര്‍ സ്റ്റാര്‍ ജനറല്‍ ആണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബിപിന്‍ റാവത്ത്. അദ്ദേഹത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാം-

 • ഉത്തരാഖണ്ഡിലെ ഒരു രജപുത്ര കുടുബത്തിലാണ് ബിപിന്‍റ റാവത്ത് ജനിച്ചത്. സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള കൂടുംബത്തിലെ മൂന്നാം തലമുറയില്‍പ്പെട്ടയാളാണ്.
 • പിതാവ് ലക്ഷ്മണ്‍ സിങ് റാവത്തും ഇന്ത്യന്‍ സൈന്യത്തില്‍ ലഫ്റ്റനന്റ് ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലക്ഷ്മണ്‍ സിങ് റാവത്ത് സൈനിക പദവിയില്‍ നിന്ന് ഉയര്‍ന്ന് കരസേനാ ഉപമേധാവിയായി. പിതൃസഹോദരന്‍, ഭരത് സിങ് റാവത്ത് ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് വിരമിച്ച ഹവില്‍ദാര്‍ (നോണ്‍ കമ്മീഷന്‍ഡ് ഓഫീസര്‍) ആണ്. അദ്ദേഹത്തിന്റെ മറ്റൊരു അമ്മാവന്‍ ഹരിനന്ദനും ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 • ഡെറാഡൂണിലെ കാംബ്രിയന്‍ ഹാള്‍ സ്‌കൂളിലും ഷിംലയിലെ സെന്റ് എഡ്വേര്‍ഡ് സ്‌കൂളിലുമായി ബിപിന്‍ സ്‌കൂള്‍ വിദ്യാഭ്യാസം നടത്തി.
 • സ്‌കൂള്‍ പഠനത്തിന് ശേഷം ഖദക്വാസ്ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യന്‍ സൈനിക അക്കാദമിയിലും ചേര്‍ന്നു. അവിടെ അദ്ദേഹത്തിന് 'സ്വോര്‍ഡ് ഓഫ് ഓണര്‍' ലഭിച്ചു.

RAWAT

 • സൈനിക അക്കാദമിയില്‍ നിന്ന് പാസായ ശേഷം, 1978 ഡിസംബര്‍ 16-ന് 11 ഗൂര്‍ഖ റൈഫിള്‍സിന്റെ അഞ്ചാമത്തെ ബറ്റാലിയനിലേക്ക് കമ്മീഷന്‍ ചെയ്തു.  പിതാവും ഇതേ യൂണിറ്റിലായിരുന്നു. 
 • സെക്കന്‍ഡ് ലെഫ്റ്റണന്റായി ഇന്ത്യന്‍ സൈന്യത്തില്‍ പ്രവേശിച്ച റാവത്ത് തന്റെ സൈനിക വൈദഗ്ധ്യം പ്രകടമാക്കി. ഉയരത്തിലുള്ള യുദ്ധമേഖലകളില്‍ ധാരാളം അനുഭവസമ്പത്ത് നേടി, പത്ത് വര്‍ഷം അദ്ദേഹം കലാപ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി.
 • ഉറിയിലും ജമ്മുകശ്മീരിലും കമാന്‍ഡറായി. കേണല്‍ എന്ന നിലയില്‍, കിബിത്തുവിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഈസ്റ്റേണ്‍ സെക്ടറിലെ അഞ്ചാമത്തെ ബറ്റാലിയന്‍ 11 ഗൂര്‍ഖ റൈഫിള്‍സിന്റെ കമാന്‍ഡറായിരുന്നു അദ്ദേഹം.
 • ബ്രിഗേഡിയര്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിന് ശേഷം, സോപോറിലെ രാഷ്ട്രീയ റൈഫിള്‍സിന്റെ 5 സെക്ടറില്‍ അദ്ദേഹം കമാന്‍ഡറായി.
 • ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (MONUSCO) ചാപ്റ്റര്‍ VII ദൗത്യത്തില്‍ ഒരു ബഹുരാഷ്ട്ര ബ്രിഗേഡിന് നേതൃത്വം നല്‍കിയതിന് റാവത്തിന് രണ്ട് തവണ ഫോഴ്സ് കമാന്‍ഡറുടെ പ്രശംസ ലഭിച്ചിരുന്നു.
 • മേജര്‍ ജനറലിലേക്കുള്ള സ്ഥാനക്കയറ്റം 19-ാം കാലാള്‍പ്പട ഡിവിഷന്‍ (ഉറി) കമാന്‍ഡിങ് ജനറല്‍ ഓഫീസറായി ചുമതലയേറ്റുകൊണ്ടായിരുന്നു.

BIPIN RAWAT

 • 37 വര്‍ഷത്തെ സൈനിക ജീവിതത്തില്‍ ബിപിന്‍ റാവത്തിന് പരം വിശിഷ്ട സേവാ മെഡല്‍ ഉള്‍പ്പെടെ വിവിധ ധീരതാ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
 • 2016 ജനുവരി ഒന്നിന് ബിപിന്‍ റാവത്തിനെ സൈനിക കമാന്‍ഡര്‍ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയും ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫ് (ജിഒസി-ഇന്‍-സി) സതേണ്‍ കമാന്‍ഡ് പദവി നല്‍കുകയും ചെയ്തു. ഒരു ചെറിയ കാലയളവിന് ശേഷം അദ്ദേഹം ഉപസൈനിക മേധാവിയായി.
 • 2016 ഡിസംബര്‍ 17-ന് ബിപിന്‍ റാവത്തിനെ ഇന്ത്യയുടെ 27-ാമത് കരസേനാ മേധാവിയായി നിയമിച്ചു. ലഫ്റ്റണന്റ് ജനറല്‍മാരായ പി.എം.ഹാരിസ്, പ്രവീണ്‍ ബക്ഷി എന്നിങ്ങനെ തന്നേക്കാള്‍ സീനിയറായ രണ്ടു പേരെ പിന്തള്ളിക്കൊണ്ടായിരന്ന റാവത്തിന്റെ നിയമനം. ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ഷയ്ക്കും ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗിനും ശേഷം ഗൂര്‍ഖ ബ്രിഗേഡില്‍ നിന്ന് കരസേനാ മേധാവിയാകുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനുംകൂടിയായിരുന്നു അദ്ദേഹം.
 • നേപ്പാള്‍ സൈന്യത്തിന്റെ ഓണററി ജനറല്‍ കൂടിയായിരുന്നു ബിപിന്‍ റാവത്ത്