പട്ന: പൊളിഞ്ഞുവീഴുന്ന പഞ്ചവടിപ്പാലങ്ങളുടെ നാടാവുകയാണ് ബിഹാർ. ഇത്തവണ ഗോപാൽഗഞ്ച് ജില്ലയിലെ ആർ.സി.സി ബ്രിഡ്ജാണ് നിർമാണത്തിലിരിക്കെ തകർന്നുവീണത്. 2.89 കോടി രൂപയായിരുന്നു പാലത്തിന്റെ നിർമാണച്ചെല്. ഗാൻഗ്വ ഗ്രാമത്തിലെ ഘോഗരി നദിക്കു കുറുകേയാണ് 29 മീറ്റർ നീളമുള്ള പാലം നിർമിച്ചുകൊണ്ടിരുന്നത്.

To advertise here,

കോൺക്രീറ്റിങ് നടക്കുന്നതിനിടെ വലിയ ശബ്ദം കേൾക്കുകയും പിന്നാലെ സ്ലാബിന്റെ ഒരു ഭാഗം താഴെ വീഴുകയുമായിരുന്നു. മിനിറ്റുകൾക്കകം പാലത്തിന്റെ വലിയൊരു ഭാഗം തകർന്ന് നിലംപൊത്തുകയും ചെയ്തു. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല. കോൺക്രീറ്റങ്ങിന് ഉപയായോഗിച്ച നിർമാണ സാമഗ്രികൾ ഗുണനിലവാരമില്ലാത്തവയാണെന്ന് നാട്ടുകാർ ആരോപിച്ചു. വിശദമായ പരിശോധനയ്ക്കുശേഷമേ പാലം പണി പുനഃരാരംഭിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.

ബിഹാറിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. 2023-24 വർഷങ്ങളിൽ ചെറുതും വലുതുമായ ഒരു ഡസനോളം പാലങ്ങൾ ഇത്തരത്തിൽ പൊളിഞ്ഞുവീണിട്ടുണ്ട്. സുൽത്താൻപൂർ-അജുവാനി ഘട്ട് പാലം രണ്ട് തവണയാണ് തകർന്നുവീണത്. സിക്തി ബ്ലോക്കിനടുത്തുള്ള മറ്റൊരു പാലം ഉദ്ഘാടനത്തിനു മുമ്പേ തകർന്നു വീണു. പാലങ്ങളുടെ തുടർച്ചയായ തകർച്ച ജനങ്ങളെ ആശങ്കിലാക്കിയിരിക്കുകയാണ്. ഒപ്പം നിർമാണപ്രവൃത്തിയിലെ വ്യാപകമായ ക്രമക്കേടുകളെക്കുറിച്ചുള്ള ചോദ്യചിഹ്നം കൂടിയാവുകയാണ്.