പട്ന: ബിഹാറിൽ  ഉത്സവാഘോഷ ചടങ്ങിനിടെ 43 പേർ മുങ്ങി മരിച്ചതായി റിപ്പോർട്ട്. 37 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. മൂന്നുപേരെ കാണാതായെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

'ജീവിത് പുത്രിക' ഉത്സവച്ചടങ്ങിന്റെ ഭാഗമായി പുഴയിൽ സ്നാനത്തിനിറങ്ങിയവരാണ് മുങ്ങിമരിച്ചതെന്ന് സർക്കാർ വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വാർത്താ കുറിപ്പിൽ പറയുന്നു. കുട്ടികളുടെ ഐശ്വര്യത്തിന് വേണ്ടി സ്ത്രീകൾ വ്രതമനുഷ്ഠിക്കുന്നതാണ് ചടങ്ങ്.

ബുധനാഴ്ച നടന്ന ആഘോഷത്തിൽ സംസ്ഥാനത്തെ 15-ഓളം ജില്ലകളിൽ വിവിധയിടങ്ങളിലായി നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തിരുന്നു. വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളിലാണ് 43 മരണങ്ങളെന്നാണ് റിപ്പോർട്ട്. പട്നയിലെ ഔറംഗാബാദിൽ നടന്ന ചടങ്ങിൽ മാത്രം എട്ട് പെൺകുട്ടികളടക്കം ഒമ്പത് പേരാണ് മുങ്ങിമരിച്ചത്. മൂന്നുപേരെ കാണാതായി.

അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നിതീഷ് കുമാർ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.