പട്ന: ബിഹാറിൽ അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പ്രത്യേക സമഗ്രപരിശോധനയ്ക്ക് ശേഷമുള്ള അന്തിമ വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം 7.42 കോടി വോട്ടർമാരാണ് അന്തിമ വോട്ടർപട്ടികയിൽ ഉള്ളത്.
ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 7.24 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. 7.89 കോടി വോട്ടമാരായിരുന്നു ജൂൺ മാസത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 65 ലക്ഷം പേരെ ഒഴിവാക്കിയ ശേഷമായിരുന്നു ഓഗസ്റ്റിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ വലിയ തോതിൽ വിവാദങ്ങളും പ്രതിപക്ഷ ആരോപണങ്ങളും ഉയർന്നിരുന്നു.
പുതിയ കണക്ക് പ്രകാരം 21.53 ലക്ഷം വോട്ടർമാരെയാണ് അധികം ചേർത്തിരിക്കുന്നത്. ഓഗസ്റ്റിൽ ആദ്യം പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ നിന്ന് 3.66 ലക്ഷം പേരെ ഒഴിവാക്കിയിട്ടുണ്ട്. എസ്ഐആറിന് മുമ്പുള്ള വോട്ടർപട്ടികയിൽ നിന്ന് 48 ലക്ഷം പേരെ ഒഴിവാക്കിയതായാണ് കണക്കിൽ നിന്ന് വ്യക്തമാകുന്നത്.
വോട്ടർപട്ടിക തീവ്രപരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഒക്ടോബർ ഏഴിന് എസ്ഐആറുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ആധാർ അടക്കമുള്ള രേഖകൾ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് പരിഗണിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നാൽ ഇതിനെ ആദ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ ശക്തമായി എതിർത്തിരുന്നു. ആധാർ വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള രേഖയാക്കാൻ സാധിക്കില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ വാദിച്ചത്. എന്നാൽ സുപ്രീം കോടതി ഇത് അംഗീകരിച്ചിരുന്നില്ല.
എസ്ഐആറുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി അന്തിമവാദത്തിനായി പരിഗണിക്കുന്നതിന് മുമ്പ് തന്നെ ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ അടക്കമുള്ളവർ ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ ബിഹാർ സന്ദർശിക്കുന്നുണ്ട്. ഒക്ടോബർ മൂന്നിന് ഡൽഹിയിൽ വെച്ച് ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചുചേർത്തിട്ടുണ്ട്.
Content Highlights: Bihar`s final voter list has been published after a comprehensive revision
Published: 30 Sept 2025, 06:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented