ന്യൂഡൽഹി: ബിഹാറിൽ കോൺഗ്രസിന് വൻ തിരിച്ചടി. ആകെ ഉണ്ടായിരുന്ന ആറ് എംഎൽഎമാരും കോൺഗ്രസ് വിട്ട് ജെഡിയുവിന്റെ ഭാഗമാകുമെന്ന് അഭ്യൂഹം. ഇന്ത്യൻ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇവർ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചർച്ചനടത്തിയതായാണ് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നത്.
ആറ് എംഎൽഎമാർ എൻഡിഎപക്ഷത്തേക്കെത്തിയാൽ ബിഹാർ നിയമസഭയിൽ കോൺഗ്രസ് പ്രാതിനിധ്യം പൂജ്യമാകും. 2025-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 243-ൽ 202 സീറ്റുകൾ എൻഡിഎ നേടിയിരുന്നു. ബിജെപി 89, ജെഡിയു 85 സീറ്റുകളായിരുന്നു നേടിയത്. മഹാസഖ്യമാകട്ടെ 35 സീറ്റുകളിൽ ഒതുങ്ങി. ഇതിൽ ആർജെഡി 25 സീറ്റുകൾ നേടി. 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ആറ് സീറ്റുകളിൽ മാത്രമാണ് ജയിച്ചത്. അതേസമയം, എംഎൽഎമാരെ എൻഡിഎ പാളയത്തിൽ എത്തിച്ച് സഖ്യത്തിൽ ആധിപത്യം സ്ഥാപിക്കാനാണ് ജെഡിയു നീക്കമെന്നാണ് സൂചന.
സംസ്ഥാനത്തെ പാർട്ടി പ്രവർത്തനങ്ങളിൽ എംഎൽഎമാർ അസ്വസ്ഥരാണെന്നും അവർ തങ്ങളുമായി ചർച്ച നടത്തിയെന്നും ദിവസങ്ങൾക്കുള്ളിൽ തീരുമാനമുണ്ടാകുമെന്നും ജെഡിയു വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ കുറച്ചുകാലങ്ങളായി ഈ എംഎൽഎമാർ ആറുപേരും പാർട്ടി പരിപാടികളിൽ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം.
അതേസമയം, ഇപ്പോഴത്തെ അഭ്യൂഹങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. ഞങ്ങളുടെ എംഎൽഎമാരാരും എവിടേക്കും പോകില്ലെന്ന് ഉറപ്പുണ്ട്. അവർ അവരുടെ മണ്ഡലങ്ങളിൽ തിരക്കായതിനാലാണ് പരിപാടികളിൽ പങ്കെടുക്കാത്തതെന്നും കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ പറഞ്ഞു.
Content Highlights: Bihar Political Tremor: Congress Faces Potential Exit of All Six MLAs to JDU
Published: 15 Jan 2026, 10:28 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented