ന്യൂഡല്‍ഹി: മതഭ്രാന്ത് അപകടരമാണെന്നും അതിനുള്ള വിഷസംഹാരി സ്‌നേഹവും പരസ്പര ബഹുമാനവും തിരിച്ചറിവുമാണെന്നും  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വെള്ളിയാഴ്ച പാകിസ്താനിലെ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയില്ലെന്നും രാഹുലിന്റെ സിഖ് വിരുദ്ധ നിലപാടാണ് ഇത് വെളിവാക്കുന്നതെന്നും കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ ആരോപിച്ചിരുന്നു. ഇതിന് തൊട്ടുപിറകേയാണ് ഗുരുദ്വാര അക്രമത്തെ അപലപിച്ചുകൊണ്ട് രാഹുല്‍ ട്വീറ്റ് ചെയ്തത്. 

'നങ്കന സാഹബിന് നേരെയുണ്ടായ അതിക്രമം ആക്ഷേപാര്‍ഹവും അങ്ങേയറ്റം അപലപനീയവുമാണ്. മതഭ്രാന്ത് അപകടകരമാണ്. വര്‍ഷങ്ങള്‍ പഴക്കമുളള വിഷം. അതിന് അതിരുകളില്ല. സ്‌നേഹം+ പരസ്പര ബഹുമാനം+  പരസ്പരം മനസ്സിലാക്കുക എന്നിവ മാത്രമാണ് അതിനുള്ള വിഷസംഹാരി. ' - രാഹുല് ട്വീറ്റില്‍ പറഞ്ഞു. 

 

കഴിഞ്ഞ ദിവസം പാകിസ്താനിലെ നങ്കന സാഹിബ് ഗുരുദ്വാര വളഞ്ഞ ജനക്കൂട്ടം ഗുരുദ്വാരയ്ക്കുനേരെ കല്ലേറ് നടത്തിയിരുന്നു. നിരവധി വിശ്വാസികള്‍ ഗുരുദ്വാരയ്ക്കുള്ളില്‍ കുടുങ്ങിയിരുന്നു. സംഭവത്തെ ശക്തമായി അപലപിച്ച ഇന്ത്യ സിഖ് വിഭാഗക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പാക് ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചു. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.

Content Highlights: Bigotry is dangerous : Rahul Gandhi on Pak Gurudwara Incident