റായ്പൂര്‍: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രദ്ധിക്കാത്തതെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചതിനെതിരെ പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി

To advertise here,

''എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റും ആധായനികുതി വകുപ്പുമെല്ലാം പങ്കെടുത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു യോഗം നടന്നിരുന്നു. അവിടെയും ഈ വിഷയം എന്തുകൊണ്ടാണ് ശ്രദ്ധിക്കാതിരുന്നത്? ഗുരുതരമായ ആരോപണങ്ങളാണ് മാധ്യമങ്ങള്‍ ഉന്നയിക്കുന്നത്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വമേധയാ പരിഗണിക്കണം', വാര്‍ത്താസമ്മേളനത്തില്‍ ബാഗേല്‍ പറഞ്ഞു. 

തിരഞ്ഞെടുപ്പിനു മുന്നോടിയായി തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചതിനെതിരെ പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ''ഇത്തരം അന്വേഷണങ്ങളിലെ കണ്ടെത്തലുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. ഈ നിര്‍ദേശമാണിപ്പോള്‍ ലംഘിക്കപ്പെട്ടത്', ബാഗേല്‍ വിശദീകരിച്ചു. 

അതിനിടെ സംസ്ഥാനത്ത് നാളെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ രാജിവെക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രാമന്‍ സിങ് ആവശ്യപ്പെട്ടു. ആരോപണങ്ങളെല്ലാം തെളിയിക്കപ്പെട്ടതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാനുള്ള ധാര്‍മ്മിക അവകാശം ബാഗേലിനു നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. 

മഹാദേവ് ആപ്പിന്റെ പ്രചാരകര്‍ ബാഗേലിന് 508 കോടി നല്‍കിയെന്നാണ് ഇ.ഡി ആരോപിക്കുന്നത്. തിരഞ്ഞടുപ്പ് പ്രചാരണത്തില്‍ ബാഗേലിനെതിരെ ബിജെപി ഇത് ആയുധമാക്കുകയായിരുന്നു.