മുംബൈ: ഭീമ കൊറേഗാവ്-എൽഗാർ പരിഷത് കേസിൽ ജയിലിൽക്കഴിയുന്ന മലയാളിയും ഡൽഹി സർവകലാശാല മുൻ പ്രൊഫസറുമായ ഹാനി ബാബുവിന് ജാമ്യം. അഞ്ചുവർഷത്തെ ജയിൽവാസത്തിനുശേഷമാണ് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നവിമുംബൈയിലെ തലോജ ജയിലിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. തൃശ്ശൂർ സ്വദേശിയാണ്.

To advertise here,

ജാമ്യംതേടി ഹാനി ബാബു നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, മുംബൈ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതി നിർദേശം. കേസിലെ മറ്റ് പ്രതികൾക്ക് ജാമ്യംലഭിച്ച സാഹചര്യത്തിലാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ലെന്നും ഇപ്പോഴും ജയിലിലാണെന്നും ഹാനി ബാബുവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ, ജാമ്യം അനുവദിക്കരുതെന്നും കേസിലെ മറ്റ് പ്രതികളായ റോണ വിൽസൺ, സുധീർ ധവാലെ എന്നിവർ ജയിലിൽക്കിടന്ന അത്രയുംകാലം ഹാനി ബാബു ജയിലിൽ കഴിഞ്ഞിട്ടില്ലെന്നും എൻഐഎ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

കേസിൽ വിചാരണ ഉടൻ പൂർത്തിയാകാൻ സാധ്യതയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരുലക്ഷം രൂപയുടെ ആൾജാമ്യത്തിലാണ് ജസ്റ്റിസുമാരായ എ.എസ് ഗഡ്‌കരി, രഞ്ജിത് സിൻഹ രാജ എന്നിവരുടെ ബെഞ്ച് ഹാനി ബാബുവിന് ജാമ്യം അനുവദിച്ചത്.

2020 ജൂലായ് 28-നാണ് ഹാനി ബാബുവിനെ പോലീസ് അറസ്റ്റുചെയ്യുന്നത്. 2019 സെപ്റ്റംബറിലും 2020 ഓഗസ്റ്റിലുംനടന്ന റെയ്ഡുകളിൽ ഹാനി ബാബുവിന്റെ പുസ്തകങ്ങൾ, രേഖകൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവ അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ഭീമ കൊറേഗാവ് കേസിൽ അറസ്റ്റുചെയ്യപ്പെട്ട പന്ത്രണ്ടാമത്തെ ആളാണ് ഹാനി ബാബു. ഭാഷാശാസ്ത്ര വിദഗ്ധനാണ്. അംബേദ്കറൈറ്റ് ആയ ഹാനി, ജാതിവിരുദ്ധപ്പോരാട്ടത്തിനും സാമൂഹികനീതിക്കുമായി പ്രവർത്തിച്ചുവരികയായിരുന്നു.

2018 ജനുവരി ഒന്നിന് കൊറേഗാവ് ഭീമ യുദ്ധത്തിന്റെ 200-ാം വാർഷികത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ പൂനെക്കടുത്ത് കൊറേഗാവ് ഭീമയിൽ നടന്ന വാർഷിക ആഘോഷ പരിപാടിക്കിടെ അക്രമണമാണ് കൊറേഗാവ് ഭീമ കലാപം. കലാപത്തിൽ ജനക്കൂട്ടം നടത്തിയ അക്രമത്തിൽ 28 വയസ്സുള്ള ഒരു യുവാവ് മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

എൽഗാർ പരിഷത്ത് കൺവെൻഷൻ എന്നും അറിയപ്പെട്ട വാർഷിക ആഘോഷം വിരമിച്ച ജസ്റ്റിസുമാരായ ബി. ജി. കോൾസെ പാട്ടീൽ, പി. ബി. സാവന്ത് എന്നിവർ ചേർന്നായിരുന്നു സംഘടിപ്പിച്ചത്. സമ്മേളനത്തിൽ നടത്തിയ പ്രസംഗം മതവിഭാഗങ്ങളെ പ്രകോപിപ്പിച്ചതാണ് ആക്രമത്തിന് കാരണമായതെന്നാണ് പൊലീസ് വാദം. ജനുവരി ഒന്നിന് ആരംഭിച്ച കലാപം ഏഴുദിവസത്തോളം നീണ്ടുനിന്നു. ദളിത് സംഘടനകൾ മഹാരാഷ്ട്രയിലുടനീളം റോഡുകൾ ഉപരോധിക്കുകയും പ്രകടനങ്ങൾ നടത്തുകയും ചെയ്തു.

പുണെയിലുടനീളം അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സംഭവത്തിൽ 16 സാമൂഹിക പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. കവിയും എഴുത്തുകാരനുമായ വരവര റാവു, അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ സുധ ഭരദ്വാജ്, സ്റ്റെൻസ്വാമി എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. വർഷങ്ങൾ നീണ്ട ജയിൽശിക്ഷക്കെടുവിൽ കസ്റ്റഡിയിൽ ഇരിക്കെയായിരുന്നു സ്റ്റെൻസ്വാമിയുടെ മരണം. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.