ബെംഗളൂരു: പുതുവർഷാഘോഷത്തിനിടെ ‘അടിച്ചത്’ കൂടിപ്പോയാൽ ഇനി പേടിക്കേണ്ട. നിങ്ങളെ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ ബെംഗളൂരു പോലീസുണ്ട്. അപകടങ്ങൾ തടയുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി പുതുവത്സരാഘോഷങ്ങളിൽ അമിതമായി മദ്യപിച്ച ആളുകളെ അവരുടെ വീടുകളിലേക്ക് വിടാൻ സംസ്ഥാന സർക്കാർ ക്രമീകരണങ്ങൾ ചെയ്യുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.
ലഹരി ശമിക്കുന്നതുവരെ ആളുകൾക്ക് വിശ്രമിക്കാൻ സർക്കാർ പ്രത്യേകമായി 15 സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബുധനാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് പരമേശ്വര ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മദ്യപിക്കുന്ന എല്ലാവരെയും പോലീസ് വീട്ടിൽ ഇറക്കിവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''ഞങ്ങൾ എല്ലാവരെയും വീട്ടിൽ ഇറക്കിവിടില്ല. അമിതമായി മദ്യപിച്ചവരെയും നടക്കാൻ കഴിയാത്തവരെയും ബോധം നഷ്ടപ്പെട്ട അവസ്ഥയിലെത്തിയവരെയും കൊണ്ടുപോകും. 15 സ്ഥലങ്ങളിൽ ഞങ്ങൾ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ലഹരി മാറുന്നതുവരെ അവരെ അവിടെ താമസിപ്പിച്ച് തിരിച്ചയയ്ക്കും.'' - പരമേശ്വര പറഞ്ഞു.
പുതുവത്സരാഘോഷത്തിൽ വലിയ ജനക്കൂട്ടം ഒത്തുകൂടുന്ന ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി, ബെലഗാവി, മംഗളൂരു എന്നിവിടങ്ങളിലാണ് പൊതുസ്ഥലത്ത് ലഹരിയുടെ അപകടങ്ങൾ ഏറ്റവും സാധാരണമായതെന്ന് പരമേശ്വര അഭിപ്രായപ്പെട്ടു.
ബാറുകൾക്കും പബ്ബുകൾക്കും നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും തിരക്കേറിയ സ്ഥലങ്ങളിൽ തിക്കും തിരക്കും ഒഴിവാക്കാൻ സർക്കാർ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെംഗളൂരു പോലുള്ള നഗരങ്ങളിൽ, സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ് പലപ്പോഴും വരുന്നത്. വലിയ ജനക്കൂട്ടം ഒത്തുകൂടുമ്പോൾ കുഴപ്പങ്ങൾ ഉണ്ടാകാം. അതുകൊണ്ടാണ് തങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകളിൽ പോലീസ് 160 ചെക്കിംഗ് പോയിന്റുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കമാൻഡ് സെന്ററുമായി ബന്ധിപ്പിച്ചിട്ടുള്ള ബോഡി ക്യാമറകൾ ധരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Bengaluru Police to offer safe rides home for intoxicated individuals after New Year`s Eve celebrations. Special resting facilities available.
Published: 31 Dec 2025, 08:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented