ബെം​ഗളൂരു: ബെം​ഗളൂരുവിൽ സാമ്പത്തിക തർക്കത്തെ തുടർന്ന് വീടിന് ബന്ധു തീയിട്ടതായി പരാതി. ബെം​ഗളൂരുവിലെ വിവേക്ന​ഗറിൽ ജൂലായ് ഒന്നിന് വെെകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. വീടിനുള്ളിൽ കുടുംബാം​ഗങ്ങൾ ഉള്ളപ്പോൾ ഒരാൾ വീടിന് വെളിയിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വെങ്കട്ടരമണിയുടെയും മകൻ സതീഷിന്റെയും ഉടമസ്ഥതയിലുള്ളതാണ് വീട്. ഇവരുടെ ബന്ധുവായ സുബ്രഹ്മണിയാണ് വീടിന് തീയിട്ടതെന്നാണ് ആരോപണം.

To advertise here,

എട്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വെങ്കിട്ടരമണിയില്‍ നിന്ന് ഇവരുടെ ബന്ധുവായ പാര്‍വതി പണം കടം വാങ്ങിയത്. മകൾ മ​ഹാലക്ഷ്മിയുടെ വിവാഹ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു ഇത്. എന്നാൽ പലതവണ ആവർത്തിച്ച് പറഞ്ഞിട്ടും പണം തിരികെനൽകാൻ പാർവതി തയ്യാറായില്ല. അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ വെച്ച് വെങ്കട്ടരമണിയും പാർവതിയും കണ്ടുമുട്ടിയിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടതോടെ വിവാഹ ചടങ്ങിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ചടങ്ങിൽ പാർവതിയെ വെങ്കിട്ടരമണി അപമാനിച്ചെന്നും പരാതിയുണ്ട്. ഇതിന്റെ വെെരാ​ഗ്യത്തിൽ പാർവതിയും കുടുംബവുമാണ് വീടിന് തീയിട്ടിതെന്ന് പരാതിയിൽ പറയുന്നു. 

അയൽവാസികൾ ഓടിക്കൂടിയാണ്‌ തീയണച്ചത്. വീടിന്റെ മുൻഭാ​ഗവും ജനലുകളും പൂർണമായും കത്തിനശിച്ചു. ആർക്കും പരിക്കുകളില്ല. വീടിന് തീപിടിച്ചതോടെ സുബ്രഹ്മണി ഓടി രക്ഷപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.