
ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റവുമധികം തിരിച്ചടി ലഭിച്ചത് ഉത്തര്‍പ്രദേശില്‍നിന്നാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള സംസ്ഥാനത്ത് അപ്രതീക്ഷിത തിരിച്ചടിയാണ് ബിജെപിക്കുണ്ടായത്. തിരഞ്ഞെടുപ്പിന് പിന്നാലെ യുപിയിലെ പാര്‍ട്ടിക്കുള്ളില്‍ ചേരിപ്പോര് രൂക്ഷമാകുകയും ചെയ്തിരുന്നു. നേതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശിലെ ബിജെപി ഘടകം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങള്‍ വിശദമാക്കുന്ന വിപുലമായ റിപ്പോര്‍ട്ട് ദേശീയ നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. എന്തുകൊണ്ട് തോറ്റുവെന്ന് വിശദമാക്കുന്ന റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ജോലികള്‍ക്കായി കരാര്‍ തൊഴിലാളികളെ നിയമിക്കുന്നത്, സംസ്ഥാന ഭരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള അതൃപ്തി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടപ്പെടുന്നു.
ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 33 സീറ്റുകളാണ് ഇത്തവണ ബിജെപിക്ക് നേടായത്. 2019-ല്‍ പാര്‍ട്ടിക്ക് 62 സീറ്റുകള്‍ നേടാനായിരുന്നു. പ്രചാരണത്തിലെ പോരായ്മകള്‍ അടക്കം ചൂണ്ടിക്കാട്ടി 15 പേജുള്ള വിശദമായ റിപ്പോര്‍ട്ടാണ് ബിജെപി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തിന് സമര്‍പ്പിച്ചിരിക്കുന്നത്.
അമേഠി, അയോധ്യ തുടങ്ങിയ സുപ്രധാന ഇടങ്ങളിലെ തോല്‍വി സംബന്ധിച്ച് പ്രത്യേക പരിശോധനയാണ് നടത്തിയിട്ടുള്ളത്. 40000 ത്തോളം ആളുകളില്‍നിന്നുള്ള പ്രതികരണങ്ങള്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യുപിയിലെ എല്ലാ മേഖലകളിലും എട്ട് ശതമാനംവരെ വോട്ടുകളുടെ കുറവ് പാര്‍ട്ടിക്കുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. വരുംകാല തിരഞ്ഞെടുപ്പുകളില്‍ ഭരണത്തില്‍ ആധിപത്യമുള്ള വിഭാഗങ്ങളും പിന്നാക്കം നില്‍ക്കുന്നതുമായ വിഭാഗങ്ങളും തമ്മിലുള്ള മത്സരമായി ചുരുങ്ങുന്നത് ഒഴിവാക്കാന്‍ ഇടപെടല്‍ നടത്തണമെന്നും കേന്ദ്ര നേതൃത്വത്തോട് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
പാര്‍ട്ടിയെ നേരത്തെ പിന്തുണച്ചിരുന്ന ചില ജാതിവിഭാഗങ്ങള്‍ അകലുന്നതിന്റെ സൂചനകളും ഇതില്‍പറയുന്നുണ്ട്. കുര്‍മി,മൗര്യ വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍നിന്നകന്നു. ദളിത് വോട്ടുകളില്‍ മൂന്നിലൊന്ന് മാത്രമേ ബിജെപിക്ക് ഇത്തവണ നേടാനായിട്ടുള്ളൂവെന്നും ബിജെപി റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ന്യൂസ്18 പറയുന്നു. ബിഎസ്പിക്ക് അനുകൂലമായി ലഭിച്ചിരുന്ന വോട്ടുകളില്‍ ഇത്തവണ 10 ശതമാനം കോണ്‍ഗ്രസിലേക്ക് മാറിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തിരിച്ചടിക്കുള്ള കാരണങ്ങള്‍
പാര്‍ട്ടിയുടെ തോല്‍വിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് ഉദ്യോഗസ്ഥരുടെ അമിതാധികാര പ്രയോഗവും ഭരണ തലത്തിലെ പോരായ്മയുമാണ്. സര്‍ക്കാരില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ആധിപത്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലും അവമതിപ്പുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടപ്പെടുന്നു. പോലീസിന്റെ നടപടികളും വിമര്‍ശനങ്ങള്‍ക്കിടയാക്കി. ചില ഘടകകക്ഷികളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
റിപ്പോര്‍ട്ടിന് പിന്നാലെ അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടി വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്ന നടപടി യോഗി സര്‍ക്കാര്‍ മരവിപ്പിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പുതിരിച്ചടിക്കുള്ള പ്രധാന കാരണം ബുള്‍ഡോസര്‍ പ്രയോഗമാണെന്ന് ഘടകക്ഷിയായ നിഷാദ് പാര്‍ട്ടി അധ്യക്ഷന്‍ സഞ്ജയ് നിഷാദ് തുറന്നടിച്ചിരുന്നു. വീടുകള്‍ പൊളിച്ചുനീക്കുന്നതിനെതിരേ വിവിധയിടങ്ങളില്‍ പ്രദേശവാസികളുടെ പ്രതിഷേധങ്ങളുണ്ടായിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയും സംവരണം നിര്‍ത്താന്‍ പോകുന്നുവെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണവും തോല്‍വിക്ക് കാരണമായ പ്രധാന കാരണങ്ങളായി ബിജെപി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ ജോലികള്‍ കരാര്‍ തൊഴിലാളികളെ നിയമിക്കുന്നതും അഗ്നിവീര്‍ അടക്കമുള്ള വിഷയങ്ങളും യുവാക്കള്‍ക്ക് പാര്‍ട്ടിയോടുള്ള അകല്‍ച്ചയ്ക്ക് കാരണമായതായാണ് കണ്ടെത്തല്‍.
തിരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ ആരംഭിച്ചതും തിരിച്ചടിയായി. ആറാമത്തെയും ഏഴാമത്തെയും ഘട്ടമായപ്പോഴേക്കും പ്രവര്‍ത്തകര്‍ക്ക് ക്ഷീണവും മടുപ്പും ഉണ്ടാക്കിയതായും കണ്ടെത്തി. സംവരണ നയങ്ങള്‍ക്കെതിരായ പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനകളും വിവിധ വിഭാഗങ്ങളില്‍ പാര്‍ട്ടിയുടെ കുറഞ്ഞുവരുന്ന പിന്തുണയെ കൂടുതല്‍ രൂക്ഷമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെ ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തുന്നതില്‍ പ്രതിപക്ഷം വിജയിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പാര്‍ട്ടിക്ക് ഏറ്റവും രൂക്ഷമായ തിരിച്ചടി നേരിടേണ്ടി വന്നത് വാരാണസി അടക്കമുള്ള മേഖലകളിലാണെന്നും ബിജെപി റിപ്പോര്‍ട്ട് പറയുന്നു. ഇവിടുത്തെ 28 സീറ്റുകളില്‍ എട്ട് സീറ്റുകളില്‍ മാത്രമാണ് പാര്‍ട്ടിക്ക് ജയിക്കാനായത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശക്തികേന്ദ്രമായ ഗൊരഖ്പുര്‍ മേഖലയിലെ 13 സീറ്റുകളില്‍ ആറിടത്താണ് ബിജെപിക്ക് ജയിക്കാനായത്. ലഖ്‌നൗവും അയോധ്യയും, ഫൈസാബാദും ഉള്‍പ്പെടുന്ന അവാധ് മേഖലയിലെ 16 സീറ്റുകളില്‍ ഏഴ് സീറ്റുകള്‍ മാത്രമാണ് നേടാനായത്.
അമിത ആത്മവിശ്വാസമാണ് തോല്‍വിയിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടുമ്പോള്‍ ഭരണത്തിലെ പ്രശ്‌നമടക്കം ചൂണ്ടിക്കാട്ടിയുള്ള പാര്‍ട്ടി റിപ്പോര്‍ട്ടിലെ കാര്യങ്ങളാണ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഉയര്‍ത്തുന്നത്.
ഇതിനിടെ പത്ത് നിയമസഭാ സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിക്കുള്ളിലെ ഭിന്നത പരിഹരിക്കാന്‍ തീവ്ര ശ്രമത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. പത്ത് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ യോഗി മന്ത്രിസഭയില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. ഇതിനുശേഷം മന്ത്രിസഭയിലും സംസ്ഥാന പാര്‍ട്ടിയിലും സമൂല അഴിച്ചുപണിയുണ്ടാകും.
Content Highlights: behind BJPs Lok Sabha poll loss in Uttar Pradesh-party report
Published: 19 Jul 2024, 10:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented