ന്യൂഡല്‍ഹി: സിറോ മലബാർ ഭൂമി ഇടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ജാമ്യം അനുവദിച്ചത് ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥകളിൽ ഇളവ് നൽകിയാണെന്ന് ആരോപിച്ച് സുപ്രീം കോടതിയിൽ ഹർജി. ക്രിമിനൽ നടപടി ചട്ടത്തിലെ 437-ാം വകുപ്പ് പ്രകാരം ഉള്ള പല വ്യവസ്ഥകളും ഒഴിവാക്കിയാണ് ജാമ്യം അനുവദിച്ചതെന്ന് ആരോപിച്ചാണ് ഹർജി.  ഭൂമി ഇടപാട് കേസിലെ പരാതിക്കാരനായ ജോഷി വര്‍ഗീസ് ആണ് ഹർജി നൽകിയത്. ഹർജി വെള്ളിയാഴ്ച്ച ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കും.

To advertise here,

ക്രിമിനൽ നടപടി ചട്ടത്തിലെ 437 (3) ആം വകുപ്പ് പ്രകാരം ഏഴോ, അതിൽ അധികമോ വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടവർക്ക് ജാമ്യം അനുവദിക്കുമ്പോൾ നിർബന്ധമായും ചില വ്യവസ്ഥകൾ ഏർപെടുത്തണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌. എന്നാൽ ഈ വ്യവസ്ഥകളിൽ ഇളവ് നൽകിയാണ് ജാമ്യം അനുവദിച്ചത് എന്നാണ് ഹർജിക്കാരന്റെ പരാതി.

കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി 2023 ജനുവരി 27 ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ജാമ്യം അനുവദിച്ചിരുന്നു. മെയ് 16 ന് ചില വ്യവസ്ഥകൾ കൂടി കൂട്ടിച്ചേർത്ത് ജാമ്യ വ്യവസ്ഥകൾ കോടതി ഭേദഗതി ചെയ്തിരുന്നു. എന്നാൽ ഭേദഗതി ചെയ്ത ഉത്തരവിന്റെ അടിസ്ഥാനത്തിൽ കർദിനാൾ  മാർ ജോർജ് ആലഞ്ചേരി കോടതിയിൽ ഹാജരായി പുതിയ ജാമ്യ ബോണ്ട് സമർപ്പിക്കണമെന്ന്‌ മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചില്ലെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. അഭിഭാഷകൻ പി എസ സുധീർ ആണ് ഹർജി ഫയൽ ചെയ്തത്. 

ജാമ്യ ഉത്തരവിൽ ഭേദഗതി വരുത്തിയെങ്കിലും കർദിനാൾ പുതിയ കോടതിയിൽ ഹാജരായി പുതിയ ജാമ്യ ബോണ്ട് സമർപ്പിക്കേണ്ടത് ഇല്ലെന്ന് ഹൈക്കോടതിയും വിധിച്ചിരുന്നു.  വ്യവസ്ഥകളില്ലാതെ പുറപ്പെടുവിച്ച ആദ്യ ജാമ്യ  ഉത്തരവിന്റെ തുടർച്ചയാണ് മജിസ്‌ട്രേറ്റ് കോടതി ഭേദഗതി ചെയ്ത് പുറത്തിറക്കിയ ഉത്തരവെന്നും  അതിനാല്‍ ഭേദഗതി ചെയ്ത് ഇറക്കിയ ഉത്തരവിലെ വ്യവസ്ഥകളെല്ലാം പ്രതിയായ കർദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് ബാധകം ആണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.