ഉത്തരാഖണ്ഡ്: ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളുൾപ്പെടെ തങ്ങളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് വിലക്കേർപ്പെടുത്താൻ ക്ഷേത്ര കമ്മിറ്റി. തിങ്കളാഴ്ചയാണ് ക്ഷേത്ര കമ്മിറ്റി അറിയിപ്പ് നൽകിയത്. ഹിന്ദുക്കൾക്ക് മാത്രമാണ് ക്ഷേത്രങ്ങളിൽ പ്രവേശനമുണ്ടാകുക. ചാർ ധാമിന്റെ ഭാഗമായുള്ള രണ്ട് ക്ഷേത്രങ്ങളാണിവ.

To advertise here,

ക്ഷേത്രകമ്മിറ്റിയുടെ അടുത്ത ബോർഡ് മീറ്റിങ്ങിൽ അന്തിമതീരുമാനം കൈക്കൊള്ളും. ബദരീനാഥ് കേദാർനാഥ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഹേമന്ദ് ദ്വിവേദിയാണ് വിലക്കേർപ്പെടുത്തുന്നതായി സ്ഥിരീകരിച്ചത്. നിയന്ത്രണത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും വിലക്ക് ബാധകമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഈ വർഷം ഏപ്രിൽ 23 നാണ് ബദ്രിനാഥ് ക്ഷേത്രം തുറക്കുന്നത്. ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗംഗോത്രി, യമുനോത്രി എന്നിവയാണ് ചാർധാമിന്റെ ഭാഗമായ മറ്റുപുണ്യസ്ഥലങ്ങൾ. ഇവ ഏപ്രിൽ 19 നാണ് തുറക്കുന്നത്.

ഗംഗോത്രി, യമുനോത്രി, കേദർനാഥ്, ബദ്രിനാഥ് തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ചാർ ധാം യാത്രയിൽ ഒട്ടേറെ തീർഥാടകർ പങ്കെടുക്കാറുണ്ട്. ചാർധാം യാത്ര ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന യാത്ര കൂടിയാണ്. ലക്ഷക്കണക്കിന് വിശ്വാസികളാണ് ഓരോ വർഷവും പങ്കെടുക്കാറുള്ളത്.