ഉത്തരാഖണ്ഡ്: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയ്ക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ ബദ്രിനാഥ് ക്ഷേത്രത്തിലും സംഭാവനക്കൊള്ള ആരോപണം. ബദ്രിനാഥ് -കേദാർനാഥ് ക്ഷേത്ര സമിതിയിലെ ഒരു ജീവനക്കാരൻ സംഭാവന മോഷ്ടിച്ചുവെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ബദ്രിനാഥ്- കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (ബികെടിഎസ്) വെള്ളിയാഴ്ച അന്വേഷണത്തിന് ഉത്തരവിട്ടു.

To advertise here,

ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ക്ഷേത്ര കമ്മിറ്റി അന്വേഷണത്തിനായി ഒരു സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും വിശദാന്വേഷണം നടത്തുമെന്നും ബികെടിസി പ്രസിഡന്റ് ഹേമന്ദ് ദ്വിവേദി പറഞ്ഞു. ആരോപണവിധേയനായ ജീവനക്കാരനിൽ നിന്ന് വിശദീകരണം തേടിയതായും റിപ്പോർട്ടുണ്ട്.

ഭൈരവ് സേന എന്ന സംഘടനയാണ് ആരോപണവുമായി രംഗത്തെത്തിയത്. വിഷയത്തിൽ ഗൗരവത്തിലുള്ള അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ക്ഷേത്ര കമ്മിറ്റി ചെയർമാന്റെ പേഴ്സണൽ അസിസ്റ്റന്റിനെതിരേയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

എന്നാൽ ഇയാൾ തന്റെ പേഴ്സണൽ സെക്രട്ടറിയല്ലെന്ന് ദ്വിവേദി പറഞ്ഞു. ബികെടിസിയിലെ സ്ഥിരം സർക്കാർ ജീവനക്കാരൻ മാത്രമാണ് ഇയാളെന്ന് ദ്വിവേദിയുടെ വിശദീകരിച്ചു. അതേസമയം, കഴിഞ്ഞ മൂന്ന് ക്ഷേത്രക്കമ്മിറ്റി ചെയർമാൻമാരുടെ പേഴ്സണൽ അസിസ്റ്റന്റ് ആയി ആരോപണവിധേയൻ ഉണ്ടായിരുന്നുവെന്നും ദ്വിവേദി പറഞ്ഞു. അന്വേഷണത്തിന് ശേഷം ഏതെങ്കിലും തരത്തിൽ കുറ്റകൃത്യം കണ്ടെത്തിയാൽ തക്കതായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പുറത്തുവന്ന ക്ഷേത്രത്തിനുള്ളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ വ്യക്തമല്ലെന്ന് ക്ഷേത്ര കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സോഹൻ സിങ് രംഗദ് പറഞ്ഞു. വിഷയത്തിന്റെ ഗൗരവും കണക്കിലെടുത്ത് കാര്യങ്ങൾ ബികെടിസി ചെയർമാനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.