ചെന്നൈ: കൂനൂരിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പടെയുള്ളവരുടെ മരണത്തിലേക്ക് നയിച്ച ഹെലികോപ്റ്റർ അപകടത്തിന്റെ കാരണം മോശം കാലാവസ്ഥയാകാമെന്ന് റിട്ട.സൈനികനും സംവിധായകനുമായ മേജർ രവി. പെട്ടെന്ന് മൂടൽ മഞ്ഞുകയറി വിശ്വസിക്കാനാവാത്ത രീതിയിൽ കാഴ്ച മറയ്ക്കപ്പെടുന്ന പ്രദേശമാണിത്. പിന്നീട് മുന്നിലുള്ള ഒന്നും കാണാൻ പൈലറ്റിന് സാധിക്കില്ല. ഇതായിരിക്കാം അപകടത്തിലേക്ക് നയിച്ചതെന്നും മേജർ രവി മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. 

To advertise here,

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഊട്ടി ഉൾപ്പടെയുള്ള ചില പ്രദേശങ്ങളിലും വളരെ പെട്ടെന്ന് മൂടൽ മഞ്ഞുകയറും. കശ്മീരിൽ പോലും ഇങ്ങനെ അപകടകരമായ രീതിയിൽ മൂടൽ മഞ്ഞുകയറി വരുന്ന സാഹചര്യമില്ല. മലകളാൽ നിറഞ്ഞ പ്രദേശത്തുള്ള പ്രത്യേക സംഭവവികാസമാണിത്. അതിനാൽ കാലാവസ്ഥ തന്നെയാണ് ഇവിടെ ചതിച്ചതെന്ന് കരുതാം. 

വെല്ലിങ്ടണിലെ കൂനൂർ മലനിരകളാൽ ചുറ്റപ്പെട്ട പ്രദേശമാണ്. ഇവയ്ക്ക് ഇടയിലുള്ള പ്രദേശങ്ങളിൽ മാത്രമാണ് ജനവാസമുള്ളത്. വലിയ ഉയരത്തിൽ നിന്നാണ് ഹെലികോപ്റ്റർ താഴേക്ക് ഇറങ്ങേണ്ടത്. ഈ സമയത്ത്
മൂടൽ മഞ്ഞ് പ്രധാന ഘടകമായി മാറുമെന്ന് ഉറപ്പാണ്. കാഴ്ച തടസ്സപ്പെട്ട് കഴിഞ്ഞാൽ ഹെലികോപ്റ്ററിന്റെ വേഗത കൂടി കണക്കിലെടുക്കുമ്പോൾ നമ്മൾ ചിന്തിക്കുന്നതിന് മുമ്പേ തന്നെ അത് എവിടെയെങ്കിലും ഇടിച്ചിട്ടുണ്ടാകും. അപകടം ഒഴിവാക്കാൻ ഉയർന്നു പറക്കാൻ സാധിക്കുമായിരുന്നില്ലേയെന്ന ചോദ്യത്തിന് വലിയ പ്രസക്തിയില്ല. 

അപകടത്തിൽപ്പെട്ട MI 17 സീരീസിലുള്ള ഹെലികോപ്റ്ററിന് സാങ്കേതിക തകരാറുണ്ടാകാനുള്ള സാധ്യതയില്ല. മിഗ് ഹെലികോപ്റ്ററുകളിൽ നേരത്തെ ചില പ്രശ്‌നങ്ങളുണ്ടായതിനാൽ അവ സൈന്യം ഒഴിവാക്കിയിരുന്നു. എന്നാൽ വർഷങ്ങളായി സൈന്യത്തിന്റെ ഭാഗമായ MI 17 V5 ഹെലികോപ്റ്റർ സാങ്കേതിക തകരാർ മൂലം തകർന്നുവീഴാൻ യാതൊരു സാധ്യതയുമില്ല. വെടിയുതിർക്കാൻ ശേഷി അടക്കമുള്ള അത്യാധുനിക സംവിധാനങ്ങളുള്ള ഹെലികോപ്റ്ററാണിത്. 

സംയുക്ത സേനാ മേധാവിയെ പോലെ മുതിർന്ന ഓഫീസറുമായി യാത്ര ചെയ്യുമ്പോൾ വിദഗ്ധരായ ഉദ്യോഗസ്ഥരായിരിക്കും ഒപ്പമുണ്ടാവുക. ഹെലികോപ്റ്ററിന്റെ സാങ്കേതിക പരിശോധന നടത്തുന്നതും അതിവിദഗ്ധരായിരിക്കും. അതിനാൽതന്നെ ഇക്കാര്യങ്ങളിൽ ഒരു വീഴ്ചയുണ്ടാകാൻ സാധ്യതയില്ല. 

കൂനൂരിലെ കാലാവസ്ഥ പ്രശ്‌നമില്ലെന്ന പ്രവചനത്തിലായിരിക്കും സൂലൂരിൽ നിന്ന് സംഘം യാത്ര ആരംഭിച്ചത്. ലക്ഷ്യസ്ഥാനത്തേക്ക് ഒരു അഞ്ചു മിനിറ്റ് നേരത്തെ യാത്ര കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളു. എന്നാൽ അവസാന നിമിഷം കയറി വന്ന കനത്ത മൂടൽ മഞ്ഞായിരിക്കാം നിർഭാഗ്യകരമായ അപകടത്തിലേക്ക് നയിച്ചത്.  മോശം കാലാവസ്ഥയാണെങ്കിൽ യാത്ര മാറ്റിവയ്ക്കുക എന്നത് മാത്രമാണ് ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള ഏക വഴി. എന്നാൽ അത് എത്രത്തോളം പ്രാവർത്തികമാണെന്നും അപ്രവചനീയമായ കാലാവസ്ഥയെക്കുറിച്ച് മുൻകൂട്ടി എങ്ങനെ മനസിലാക്കാൻ സാധിക്കുമെന്നതും സംശയകരമാണ്. 

ബിപിൻ റാവത്തിന്റെ വിയോഗത്തിലൂടെ മികച്ച സൈനിക ഉദ്യോഗസ്ഥനെയാണ് രാജ്യത്തിന് നഷ്ടമായത്. സൈന്യത്തിൽ താൻ ക്യാപറ്റനായിരുന്ന സമയത്ത് ബിപിൻ റാവത്ത് മേജറായിരുന്നു. വ്യക്തിപരമായി വലിയ ബന്ധം അദ്ദേഹവുമായില്ല. ദീർഘവീക്ഷണത്തോടെ ശക്തമായ തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ ഉൾപ്പെടെ മികച്ച സൈനികനായിരുന്നു അദ്ദേഹം. രാജ്യത്തിനായി പല കാര്യങ്ങളും ചെയ്യാനായി മുന്നോട്ടു വന്ന ധീരനായിരുന്നു ബിപിൻ റാവത്തെന്നും മേജർ രവി അനുസ്മരിച്ചു.

content highlights: bad weather may cause of nilgiri helicopter crash says major ravi