ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ ഭരണസമിതിയിൽ അഴിച്ചുപണി വേണമെന്ന് രാമജന്മഭൂമി ക്ഷേത്ര നിർമാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര. ക്ഷേത്രത്തിലേക്കുള്ള സംഭാവനകൾ വകമാറ്റിയെന്ന വിവാദം ഉയർന്ന പശ്ചാത്തലത്തിലാണ് മാനേജ്‌മെന്റ് സംവിധാനത്തിൽ പോരായ്മകളുണ്ടെന്ന നൃപേന്ദ്ര മിശ്രയുടെ പരസ്യപ്രസ്താവന.
ഉത്തരവാദിത്വമില്ലായ്മയും മേൽനോട്ടത്തിലെ വീഴ്ചയുമാണ് ഇത്തരം ക്രമക്കേടുകൾക്ക് വഴിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ ഔദ്യോഗിക ചട്ടക്കൂട് അനുസരിച്ചല്ലെന്നും സന്നദ്ധപ്രവർത്തകരെ അടിസ്ഥാനമാക്കിയുള്ള അനൗദ്യോഗിക രീതിയിലാണ് നടക്കുന്നതെന്നും മിശ്ര ചൂണ്ടിക്കാട്ടി. സ്ഥാപനത്തിൽ ആർക്കൊക്കെയാണ് ചുമതലയെന്നോ ഉത്തരവാദിത്വമെന്നോ വ്യക്തമാക്കുന്ന രേഖാമൂലമുള്ള ഉത്തരവുകളില്ല.
സംഭാവനകൾ എണ്ണുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി 2023-നും 2025-നും ഇടയിൽ കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നെങ്കിലും അവയൊന്നും പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ സംഭാവനപ്പെട്ടികളിൽ ഭക്തർ സമർപ്പിക്കുന്ന സ്വർണാഭരണങ്ങളും പണവും കൈകാര്യം ചെയ്യുന്നതിലും ബാങ്കുകളിലേക്ക് മാറ്റുന്നതിലും സുതാര്യത കുറവാണെന്നും മിശ്ര പറഞ്ഞു. ക്ഷേത്രത്തിന്റെ ഭരണം അനുഭവപരിചയമുള്ള പ്രൊഫഷണലുകളെ ഏൽപ്പിക്കണമെന്നാണ് തൻ്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ രാമക്ഷേത്രത്തിൻ്റെ സംഭാവനയിൽ ഏഴുകോടി രൂപയുടെ ക്രമക്കേട് നടന്നെന്ന ആരോപണത്തെത്തുടർന്ന് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സത്യം പുറത്തുവരുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Nripendra Mishra criticizes current informal temple management structure., Concerns raised over lack of transparency in handling donations., Non-compliance with established SOPs from 2023-2025 reported., UP government initiates SIT probe into alleged financial irregularities., Trust maintains audit processes are accurate despite allegations.
Published: 19 Jun 2026, 06:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented