ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണമെണ്ണുന്നതിലും സംഭാവനകളുടെ കണക്കു രേഖപ്പെടുത്തുന്നതിലും നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് എസ്.ഐ.ടി.യുടെ കണ്ടെത്തൽ.

To advertise here,

ശ്രീ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിലെ ഉദ്യോഗസ്ഥരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രതിനിധികളും ചേർന്നുള്ള കൂടിയാലോചനപ്രകാരം 2025-ലാണ് നടപടിക്രമങ്ങൾ നിശ്ചയിച്ചത്. സംഭാവന എണ്ണലിൽ അസ്വാഭാവികതകളുണ്ടെന്ന സംശയത്തെത്തുടർന്നായിരുന്നു ഇങ്ങനെയൊരു തീരുമാനം. അവ പാലിച്ചിട്ടില്ലെന്നാണ് എസ്.ഐ.ടി. കണ്ടെത്തിയത്. പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്:

  • ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ മുൻ ഡ്രൈവർ ടിന്നു യാദവ് എന്ന രമാശങ്കർ യാദവാണ് ഒട്ടേറെ ഭണ്ഡാരങ്ങളുടെ താക്കോലുകൾ സൂക്ഷിച്ചിരുന്നത്. ഇത് ചട്ടലംഘനമാണ്. നടപടിക്രമങ്ങൾ പാലിക്കപ്പെടാത്തതിനാൽ ടിന്നു വെട്ടിപ്പുനടത്തി. എന്നാൽ, ഇതിന്റെ കൃത്യമായ രീതി എസ്.ഐ.ടി.ക്ക് കണ്ടെത്താനായിട്ടില്ല
  • ടിന്നു യാദവ് തന്റെ ബന്ധുവായ മനീഷ് കുമാർ യാദവിനെ സംഭാവനയെണ്ണൽ വിഭാഗത്തിൽ നിയമിച്ചു
  • സംഭാവനയെണ്ണുന്ന ജീവനക്കാർ കീശയില്ലാത്ത വസ്ത്രം ധരിക്കണം, എണ്ണൽമുറിയിലേക്ക് ഇവർ കയറുമ്പോഴും ഇറങ്ങുമ്പോഴും സുരക്ഷാച്ചുമതലയുള്ള സൈനിക് സേവക് സർവീസസ് എന്ന ഏജൻസിയുടെ കാവൽക്കാരൻ ഇവരുടെ ദേഹപരിശോധന നടത്തണം എന്നീ ചട്ടങ്ങളും പാലിച്ചില്ല
  • എണ്ണൽപ്രക്രിയയുടെ 180 ദിവസത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ സൂക്ഷിക്കണമെന്ന നിബന്ധനയുണ്ടായിരിക്കേ 45 ദിവസത്തേതേ സൂക്ഷിച്ചുള്ളൂ
  • ട്രസ്റ്റിലെ മൂന്നു പ്രധാനികളിൽ ഒരാളുടെ ശുപാർശപ്രകാരമാണ് എണ്ണലിന്റെ ചുമതലയിൽ സുഭാഷ് ശ്രീവാസ്തവയെ നിയമിച്ചത്. നിലവിൽ സംഭാവനക്കൊള്ളക്കേസിലെ പ്രതിയാണ് ശ്രീവാസ്തവ

200 കിലോ വെള്ളി നൽകി; രസീത് ലഭിച്ചില്ല

മുംബൈ: മുംബൈ ആസ്ഥാനമായുള്ള വിശ്വസിന്ധി സേവാസംഘം ശ്രീരാമ ജന്മഭൂമിതീർഥക്ഷേത്ര ട്രസ്റ്റിനെതിരേ ആരോപണവുമായി രംഗത്ത്. സേവാസംഘം സംഭാവന നൽകിയ 200 കിലോ വെള്ളിയുടെ രസീത് ലഭിച്ചിട്ടില്ലെന്നാണ് ആരോപണം. ഒരു കിലോവീതം തൂക്കമുള്ള 200 വെള്ളിക്കട്ടികളുടെ വിവരങ്ങൾ തേടി സേവാസംഘം ട്രസ്റ്റിന് കത്ത് നൽകി.

2021 ജനുവരി 26-നാണ് നൽകിയത്. ഇപ്പോൾ ട്രസ്റ്റിനെതിരേ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സംഘവും രംഗത്തെത്തിയത്. ശിവസേന നൽകിയ ഒരു കോടിയുടെ സംഭാവനയ്ക്ക് രസീത് ലഭിച്ചില്ലെന്ന് പരാതിപ്പെട്ട് പാർട്ടിനേതൃത്വം കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.

200 കിലോ വെള്ളി ക്ഷേത്രത്തിൽ എങ്ങനെ ഉപയോഗിച്ചു, ഉപയോഗിച്ചിട്ടില്ലെങ്കിൽ ഭാവിയിൽ അത് എങ്ങനെ ഉപയോഗിക്കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ തേടിയിട്ടുണ്ടെന്ന് ചെയർമാൻ രാജുമൻവാനി പറഞ്ഞു.

ബി.ജെ.പി.യും ആർ.എസ്.എസും മറുപടിപറയണം- കോൺഗ്രസ്

ന്യൂഡൽഹി: അയോധ്യ സംഭാവനക്കൊള്ള വിഷയത്തിൽ ബി.ജെ.പി.യും ആർ.എസ്.എസും മറുപടിപറയണമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആവശ്യപ്പെട്ടു.

“രാമക്ഷേത്ര നിർമാണപദ്ധതി തുടക്കംമുതൽ ആർ.എസ്.എസിന്റെ മേൽനോട്ടത്തിലും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുമായിരുന്നു. പ്രധാനമന്ത്രിയുമായി അടുത്തബന്ധമുള്ള നൃപേന്ദ്ര മിശ്ര, മുൻ ആർ.എസ്.എസ്. പ്രചാരകനായ ചമ്പത് റായ് തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ട്രസ്റ്റ് രൂപവത്കരിച്ചത്. ക്ഷേത്ര ഉദ്യോഗസ്ഥനായ മഹിപാൽ സിങ് മോഷണം റിപ്പോർട്ട് ചെയ്തിട്ടും കുറ്റക്കാർക്കെതിരേ നടപടിയെടുക്കുന്നതിനുപകരം അദ്ദേഹത്തെ പുറത്താക്കി. അഴിമതിക്കാർ തങ്ങളുടെ കുറ്റങ്ങൾ മറയ്ക്കാനുള്ള കവചമായി വിശ്വാസത്തെ ഉപയോഗിക്കുകയാണ്. ഈ അഴിമതിപ്പണം ഡൽഹിയിലേക്കും നാഗ്പുരിലേക്കും എത്തുന്നുണ്ടോയെന്ന് അന്വേഷിക്കണം” -പവൻ ഖേര ആവശ്യപ്പെട്ടു.