നിലമ്പൂര്‍: മുതുമല ടൈഗര്‍ റിസര്‍വ് (എംടിആര്‍) ബഫര്‍ സോണില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ച് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. എംടിആര്‍ടി 37 എന്ന ആണ്‍കടുവയെ പിടികൂടാനാണ് ശ്രമം.

To advertise here,

മസിനഗുഡിക്കടുത്തുള്ള മാവനള്ളയില്‍വെച്ച് കഴിഞ്ഞ 24-ാം തീയതി നദിക്ക് സമീപം ആടുകളെ മേയ്ക്കുന്നതിനിടെയാണ് ബി. നാഗിയമ്മാള്‍ (60) എന്ന സ്ത്രീ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൃതദേഹത്തിന്റെ തല ഒരു സ്ഥലത്തും ശരീരം മറ്റൊരു സഥലത്തുമായാണ് കാണപ്പെട്ടിരുന്നത്. ആക്രമിച്ച കടുവയ്ക്ക് ഏകദേശം 12 വയസ്സ് പ്രായമുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.

കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് സമഗ്രമായ പദ്ധതിയാണ് നടപ്പാക്കുന്നത്. 25 സ്റ്റാഫ് അംഗങ്ങള്‍ അടങ്ങുന്ന ഒന്നിലധികം ഫീല്‍ഡ് ടീമുകള്‍ പ്രദേശത്ത് പട്രോളിങ് നടത്തുന്നുണ്ട്. മൃഗത്തിന്റെ ചലനം കൃത്യമായി ട്രാക്ക് ചെയ്യുന്നതിനായി തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് പുറമെ അതിന്റെ ഐഡന്റിറ്റിയും സ്ഥാനവും സ്ഥിരീകരിക്കുന്നതിനായി 34 ക്യാമറ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ആക്രമണ സ്ഥലത്തിനും കടുവ പതിവായി എത്തുന്ന സ്ഥലങ്ങള്‍ക്കും സമീപം രണ്ട്, മൂന്ന് കെണി കൂടുകള്‍ സ്ഥാപിക്കാനും ഉദ്യോഗസ്ഥര്‍ പദ്ധതിയിടുന്നുണ്ട്.

കടുവയെ പിടികൂടി രക്ഷാകേന്ദ്രത്തിലേക്ക് മാറ്റുക എന്നതാണ് പ്രാഥമിക ഉദ്ദേശം. തദേശവാസികള്‍ക്ക് കൂടുതല്‍ ദോഷം സംഭവിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് വനം വകുപ്പിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍. സമീപ വില്ലേജുകളിലെ സ്‌കൂള്‍ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനും വനം വകുപ്പ് പ്രത്യേകം വാഹനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. രാത്രി അത്യാവശ്യത്തിനല്ലാതെ ഗ്രാമീണര്‍ പുറത്തിറങ്ങുന്നതിന് വിലക്കുണ്ട്. അഥവാ അത്യാവശ്യമാണെങ്കില്‍ വനംവകുപ്പിനെ വിവരമറിയിക്കുന്നതിനനുസരിച്ച് വനം വകുപ്പ് വാഹനങ്ങള്‍ ക്രമീകരിക്കുകയും പ്രത്യേകം പട്രോളിങ് ഏര്‍പ്പെടുത്തുകയും ചെയ്യും.