ഗുവാഹത്തി: വൻ ഭീകരാക്രമണ പദ്ധതി തകർത്ത് അസം പോലീസ്. സാധാരണക്കാരായ ഗ്രാമീണരെ ലക്ഷ്യമിട്ട് നിരോധിത സംഘടനയായ ഉൾഫ ഇൻഡിപെൻഡന്റ് ആസൂത്രണം ചെയ്ത വൻ ഭീകരാക്രമണ പദ്ധതിയാണ് പോലീസ് പരാജയപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഉൾഫ കമാൻഡർമാർ പിടിയിലാകുകയും ചെയ്തു. ഹുമൻ ജോതി ബർവ, പപ്പു മോറൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

To advertise here,

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസം പോലീസ് നടത്തിയ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടാനായത്. ഇവരിൽ നിന്ന് രണ്ട് എകെ 56 തോക്കുകൾ, വെടിയുണ്ടകൾ, ഹാൻഡ് ഗ്രനേഡുകൾ എന്നിവ പോലീസ് കണ്ടെടുത്തു. കാട്ടിലൂടെ ദീർഘദൂരം സഞ്ചരിക്കാൻ പദ്ധതിയിട്ടിരുന്നതിനാൽ അതിനായി കരുതിയിരുന്ന ഭക്ഷണ പദാർത്ഥങ്ങളും ഇവരുടെ പക്കലുണ്ടായിരുന്നു.

സിൻസുക്കി ടൗണിലെ നിരപരാധികളായ ഗ്രാമീണരെ വധിക്കുന്നതിലൂടെ മേഖലയിലെ ക്രമസമാധാന നില തകർന്നെന്ന് വരുത്തിത്തീർക്കാനായിരുന്നു ഭീകരർ ലക്ഷ്യമിട്ടിരുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പോലീസ് പറ‍ഞ്ഞു. മേഖലയിൽ അശാന്തി സൃഷ്ടിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന ഉദ്ദേശ്യം.

കഴിഞ്ഞ മാർച്ചിൽ ജാഗനിൽ നാല് പോലീസുകാർ കൊല്ലപ്പെട്ട ആക്രമണത്തിലും ഈ ഭീകരർക്ക് നേരിട്ട് പങ്കുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. പിടിയിലായവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഭീകര സംഘടനയുടെ കൂടുതൽ പ്രവർത്തനങ്ങളെക്കുറിച്ചും മറ്റ് സംഘാംഗങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്.