ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയുടെ വീട്ടിൽവെച്ച് പേഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാർ തന്നെ ആക്രമിക്കുമ്പോൾ അരവിന്ദ് കെജ്‌രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന് ആംആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാൾ. നുണപരിശോധനയ്ക്ക് തയ്യാറാണ്. താൻ ആർക്കും ക്ലീൻചിറ്റ് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സ്വാതി പറഞ്ഞു.
വിഷയത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് മാത്രമാണ് തന്റെ ആവശ്യം. ക്രൂരമായ മർദനമേറ്റ് താൻ നിലവിളിച്ചു. ആരും പിന്തുണച്ചില്ല. ആരും രക്ഷിക്കാനുമെത്തിയില്ല. എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് സംഭവിച്ചതെന്നും ഡൽഹി പോലീസ് അന്വേഷിക്കണം. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളുടെ പൂർണഭാഗം എവിടെയാണെന്നും അവർ ചോദിച്ചു.
താൻ പോലീസിനെ വിളിക്കുന്നത് കണ്ടതോടെയാണ് ബൈഭവ് ഗേറ്റിൽനിന്നുള്ള സെക്യൂരിറ്റി ജീവനക്കാരെ വിളിച്ചത്. അവർ എത്തിയതോടെ ഭൈബവ് ദൃശ്യങ്ങൾ പകർത്താൻ ആരംഭിച്ചു. 10 മിനിറ്റുവരെയുള്ള ഈ വീഡിയോയിൽ തന്നെ ചവിട്ടുകയും തല്ലുകയും ചെയ്ത കാര്യം പറയുന്നുണ്ട്.
താൻ ദേഷ്യപ്പെടുന്ന ഭാഗം മാത്രമാണ് മാധ്യമങ്ങളിൽ ചോർന്നത്. ബൈഭവ് തന്നെയാണ് വീഡിയോ ചിത്രീകരിക്കുന്നതെന്ന് അറിയാമായിരുന്നു. ഈ വീഡിയോയുടെ പൂർണഭാഗം എവിടെ? ഇത്രയും പ്രധാനപ്പെട്ട ഒരു വീഡിയോ അവരുടെ പക്കലുണ്ടായിട്ടും എന്തുകൊണ്ടാണ് അവർ അത് പോലീസിന് നൽകാത്തതെന്നും സ്വാതി ചോദിച്ചു.
എന്തുകൊണ്ടാണ് പാർട്ടി മുഴുവൻ ബൈഭവിനെ പിന്തുണച്ച് രംഗത്തെത്തിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് എന്റെ പാർട്ടിയാണ്. നമ്മുടെ വിയർപ്പും ചോരയും കൊണ്ടുണ്ടാക്കിയ പാർട്ടി. ഇന്ന് ഞാൻ വളരെ ദുഃഖിതയാണ്. തനിച്ചാണ്, സ്വാതി പറഞ്ഞു.
Content Highlights: Arvind Kejriwal Was At Home, Swati Maliwal On Assault
Published: 23 May 2024, 06:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented