
ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. വൈകീട്ട് നാലരയോടെ ലെഫ്റ്റനന്റ് ഗവര്‍ണർ വിനയ് കുമാർ സക്സേനയുടെ ഔദ്യോഗിക വസതിയായ രാജ്‌നിവാസിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. അതിഷി, ഗോപാൽ റായ് എന്നിവർ ഉള്‍പ്പെടെയുള്ള ആം ആദ്മി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും കെജ്‌രിവാളിനൊപ്പമുണ്ടായിരുന്നു. ഡൽഹിയിൽ പുതിയ സർക്കാരുണ്ടാക്കാൻ നിയുക്ത മുഖ്യമന്ത്രി അതിഷി ഗവർണറോട് അവകാശവാദം ഉന്നയിച്ചു.
ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർ ചെയ്ത കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കെജ്‌രിവാള്‍ ഞായറാഴ്ചയാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചത്. അന്ന് പറഞ്ഞത് പോലെ കൃത്യം രണ്ടുദിവസത്തിനകം തന്നെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്. ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷിയെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
സര്‍ക്കാരിന്റെ കാലാവധി തീരാന്‍ അഞ്ചുമാസം ബാക്കിനില്‍ക്കെയാണ് കെജ്‍രിവാളിന്റെ അപ്രതീക്ഷിത നീക്കം. അടുത്തവര്‍ഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട ഡല്‍ഹിയിലെ രാഷ്ട്രീയം ഇതോടെ പുതിയ വഴിത്തിരിവിലായി.
എന്നാൽ അരവിന്ദ് കെജ്‌രിവാളിൻ്റെ രാജിപ്രഖ്യാപനം പി.ആർ. സ്റ്റണ്ടിന്റെ ഭാഗമാണെന്നാണ് ബി.ജെ.പി. ആരോപിച്ചത്. തിരശ്ശീലയ്ക്ക് പിന്നിൽനിന്ന് ഭരണം നടത്താനാണ് കെജ്‍രിവാളിന്റെ ശ്രമം. ഡൽഹി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി പരാജയപ്പെടുമെന്ന് മനസിലാക്കിയാണ് ഇപ്പോഴത്തെ പ്രഖ്യപനമെന്നും ബി.ജെ.പി. ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
ജനങ്ങള്‍ അവരുടെ വിധി പ്രഖ്യാപിക്കുംവരെ താൻ ആ കസേരയില്‍ ഇരിക്കില്ലെന്നായിരുന്നു കെജ്‌രിവാളിന്റെ പ്രഖ്യാപനം. തനിക്ക് കോടതിയില്‍നിന്ന് നീതി ലഭിച്ചു. ഇനി ജനങ്ങളുടെ കോടതിയിൽനിന്നും നീതി ലഭിക്കും. ജനങ്ങളുടെ വിധിപ്രഖ്യാപനം ഉണ്ടായതിനു ശേഷം മാത്രമേ താന്‍ ഇനി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കൂവെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു. ഹരിയാണയിലും ഡൽഹിയിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്‍റെ നീക്കമെന്നാണ് സൂചന.
Content Highlights: AAP leader Arvind Kejriwal resigns as Delhi CM. Resignation letter submitted to Lt. Governor
Published: 17 Sept 2024, 04:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented