കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അറസ്റ്റിലായ മുന്‍മന്ത്രി പാര്‍ഥചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ കൂടുതല്‍ ഫ്‌ളാറ്റുകളുടെയും ഭൂമിയുടെയും വിവരങ്ങള്‍ ഇ.ഡി.ക്ക് ലഭിച്ചു. ഇതില്‍ ശാന്തിനികേതനിലെ ഭൂമി ഇപ്പോള്‍ അര്‍പ്പിതയുടെ പേരിലാണെങ്കിലും ആദ്യം വാങ്ങിയത് അര്‍പ്പിതയും പാര്‍ഥയും ചേര്‍ന്നാണെന്ന രേഖകളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ, അര്‍പ്പിതയുടെ പേരിലുള്ള മൂന്നു ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി. മരവിപ്പിച്ചു. രണ്ടുകോടിയോളം രൂപയുടെ നിക്ഷേപമുള്ള അക്കൗണ്ടുകളാണിവ.

To advertise here,

ടോളിഗഞ്ചിലെ ഡയമണ്ട് സിറ്റി ക്‌ളബ്ബ് സമുച്ചയത്തിലെ അര്‍പ്പിതയുടെ ഫ്‌ളാറ്റില്‍നിന്നാണ് ആദ്യ റെയ്ഡില്‍ 21 കോടി കണ്ടെടുത്തത്. ഈ ഫ്‌ളാറ്റ് കൂടാതെ ഇതേ സമുച്ചയത്തില്‍ രണ്ട് ഫ്‌ളാറ്റുകളും ഒരു പെന്റ് ഹൗസും അര്‍പ്പിതയ്ക്കുണ്ടെന്നാണ് ഇ.ഡി. അവകാശപ്പെടുന്നത്.

ഇതുകൂടാതെ കസ്ബയില്‍ സ്വന്തം സ്ഥാപനമായ 'ഇച്ഛേ' എന്റര്‍ടെയ്ന്‍മെന്റിന്റെ വിപുലമായ ഓഫീസ്, നയാബാദ്, ബെല്‍ഘാേരിയ, ആനന്ദപുര്‍, ചിനര്‍പാര്‍ക്ക് എന്നിവിടങ്ങളില്‍ ഫ്‌ളാറ്റുകള്‍ എന്നിവയും ഇവരുടെ പേരിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഭാംഗറില്‍ സ്വന്തംസ്ഥാപനത്തിന്റെ പേരില്‍ 10 ബീഘ സ്ഥലവും വാങ്ങിയിട്ടുണ്ട്. ഇവയില്‍ മിക്കതും ബിനാമി സ്വത്താണെന്നാണ് ഇ.ഡി. കരുതുന്നത്.

ശാന്തിനികേതനിലെ അര്‍പ്പിതയുടെ ഭൂമിയില്‍ പണിത വീടിന് 'അപാ' എന്ന പേരാണ് നല്‍കിയിരിക്കുന്നത്. അര്‍പ്പിത, പാര്‍ഥ എന്നീ പേരുകളിലെ ആദ്യക്ഷരങ്ങള്‍ ചേര്‍ത്താണ് ഈ പേരെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. കൊല്‍ക്കത്താനിവാസികളുടെ പക്കല്‍നിന്ന് ഈവസ്തു ആദ്യം വാങ്ങിയത് അര്‍പ്പിതയും പാര്‍ഥയും ചേര്‍ന്നാണെന്നാണ് വില്‍പ്പനയുടെ രേഖകളില്‍ കാണുന്നത്. പിന്നീട് വസ്തു അര്‍പ്പിതയുടെമാത്രം പേരില്‍ പോക്കുവരവ് നടത്തി.