ന്യൂഡല്‍ഹി: 85 സെക്കന്‍ഡിനുള്ളില്‍ വെടിവെയ്ക്കാനും സ്ഥലത്തുനിന്ന് മാറാനും സാധിക്കുന്ന തദ്ദേശീയമായി നിര്‍മിച്ച മൗണ്ടഡ് ഗണ്‍ സിസ്റ്റത്തിന്റെ പ്രകടനം വിലയിരുത്താന്‍ ഇന്ത്യന്‍ സൈന്യം. 30 ടണ്‍ ആയുധങ്ങള്‍ വഹിക്കാനും വേഗത്തില്‍ മാറ്റിസ്ഥാപിക്കാനും ആക്രമണത്തില്‍നിന്ന് പെട്ടെന്ന് രക്ഷപ്പെടാനും കഴിയുന്ന സംവിധാനമാണിതെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

To advertise here,

വിവിധ ഭൂപ്രദേശങ്ങളിലും കാലാവസ്ഥയിലും വിപുലമായ പരീക്ഷണങ്ങള്‍ക്കായി എംജിഎസ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡിആര്‍ഡിഒയുടെ അഹ്‌മദ്‌നഗര്‍ ആസ്ഥാനമായുള്ള വെഹിക്കിള്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിന് (വിആര്‍ഡിഇ) സൈന്യം കത്തെഴുതിയതായി വിആര്‍ഡിഇ മേധാവി ജിആര്‍എം റാവു പറഞ്ഞു. 

ഒരു മിനിറ്റിനുള്ളില്‍ ആറ് റൗണ്ട് വെടിവെയ്ക്കാനും 45 കിലോമീറ്ററില്‍ക്കൂടുതല്‍ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്താനും കഴിയുന്ന, ട്രക്കില്‍ ഘടിപ്പിച്ച 155 mm/52 കാലിബര്‍ ഹോവിറ്റ്‌സറാണ് മൗണ്ട് ഗണ്‍ സിസ്റ്റം. 155 എംഎം എന്നത് ഇവിടെ ഷെല്ലിന്റെ വ്യാസത്തെയാണ് സൂചിപ്പിക്കുന്നത്. കാലിബര്‍ ബാരല്‍ നീളവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രതിരോധമന്ത്രാലയം ഇതിനകം ഉത്തരവിട്ട തദ്ദേശീയ അഡ്വാന്‍സ്ഡ് ടോവ്ഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം (എടിഎജിഎസ്) അടിസ്ഥാനമാക്കിയുള്ളതാണ് എംജിഎസ്.

പ്രാദേശികമായി നിര്‍മിച്ച 307 എടിഎജിഎസ്, ഹൈ മൊബിലിറ്റി ടോവിങ് വാഹനങ്ങള്‍ എന്നിവയ്ക്കായി രണ്ടു കരാറുകളിൽ പ്രതിരോധ മന്ത്രാലയം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഒപ്പുവെച്ചിരുന്നു. ഭാരത് ഫോര്‍ജ് ലിമിറ്റഡുമായും ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡുമായുമാണ് 6,900 കോടി രൂപയുടെ ഈ കരാറുകൾ. ബാലസോറിലും പൊഖ്‌റാനിലും വിആര്‍ഡിഇ നടത്തിയ ആഭ്യന്തര പരീക്ഷണങ്ങളില്‍ എംജിഎസ് മികച്ച പ്രകടനം കാഴ്ചവെച്ചതായും ജിആര്‍എം റാവു പറഞ്ഞു.