ചെന്നൈ: തൂത്തുക്കുടിയില്‍ അച്ഛനും മകനും കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം കത്തുന്നതിനിടെ തമിഴ്‌നാട് പോലീസിനെ പ്രതിക്കൂട്ടിലാക്കി മറ്റൊരു കസ്റ്റഡി മരണം കൂടി. പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഓട്ടോ ഡ്രൈവര്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ് 15 ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞകുമരേശന്‍ എന്ന ഓട്ടോ ഡ്രൈവറാണ് മരിച്ചത്‌.

ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചതായിരുന്നു പോലീസ് കുമരേശനെ. ഒരു ദിവസത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ഇയാള്‍ വീട്ടുകാരോട് അധികം സംസാരിച്ചില്ല. പിന്നീട് രക്തം ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ കുമരേശനെ സുരണ്ടായിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് അവിടെ നിന്ന് തിരുനല്‍വേലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യക്കയ്ക്കും മറ്റ്‌ ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ടെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു. 

അപ്പോഴാണ് കുമരേശന്‍ സ്റ്റേഷനില്‍ വച്ച് പോലീസുകാര്‍ ക്രൂരമായി പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തിയത്. നടന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തിരുന്നു. പിതാവിനെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി കുമരേശന്‍ മരിക്കുന്നതിന് മുമ്പ് വെളിപ്പെടുത്തുകയുണ്ടായി. 

കുമാരേശന് നീതി ആവശ്യപ്പെട്ട് ബന്ധക്കുള്‍ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രശേഖര്‍, കോണ്‍സ്റ്റബിള്‍ കുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

ഇതിനിടയില്‍ തൂത്തുക്കുടിയില്‍ അറസ്റ്റിലായ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപിക്കുകയാണ്. തൂത്തുക്കുടിയിലെ സാത്താങ്കുളത്ത് വ്യാപാരസ്ഥാപനം നടത്തുന്ന ജയരാമന്‍ (58), മകന്‍ ബെന്നിക്സ് (31) എന്നിവരാണ് മരിച്ചത്.

മലദ്വാരത്തില്‍ കമ്പിയും മറ്റും കുത്തിക്കയറ്റിയായിരുന്നു ഇവര്‍ക്കെതിരെയുള്ള പോലീസിന്റെ ക്രൂരത എന്നാണ് ആരോപണം.

Content Highlights: Another case of alleged custodial torture from TamilNadu-Auto driver die