വാഷിങ്ടൺ: അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് നിർമിക്കാൻ വൻ നിക്ഷേപ പദ്ധതിയുമായി ഇന്ത്യയിലെ വ്യാവസായിക ഭീമന്മാരായ എസ്സാർ ഗ്രൂപ്പ്. 1800 കോടി ഡോളറിന്റെ നിക്ഷേപമാണ് കമ്പനി കണക്കാക്കുന്നത്. ഇതിൽ 1,500 കോടി ഡോളർ ചെലവഴിച്ച് അമേരിക്കയിലെ അയോവയിൽ വമ്പൻ സ്റ്റീൽ പ്ലാന്റ് നിർമ്മിക്കും. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഈ പ്രഖ്യാപനം നടത്തിയത്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റായിരിക്കും ഇതെന്ന് ട്രംപ് വിശേഷിപ്പിച്ചു.

To advertise here,

എസ്സാർ ഗ്രൂപ്പിന്റെ യുഎസ് അനുബന്ധ സ്ഥാപനമായ മെസാബി മെറ്റാലിക്‌സിന്റെ പദ്ധതിയാണിത്. മിനസോട്ടയിലുള്ള കമ്പനിയുടെ സ്വന്തം കേന്ദ്രങ്ങളിൽ നിന്നുള്ള ഇരുമ്പയിര് ഉപയോഗിച്ചായിരിക്കും ഉത്പാദനം. സ്റ്റീൽ നിർമ്മാണത്തിന്റെ മുഴുവൻ പ്രക്രിയയും അമേരിക്കയിൽ തന്നെയായിരിക്കും നടക്കുകയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാണ ശാലകളിൽ ഒന്നായ ഈ പ്ലാന്റിന്റെ പ്രതിവർഷ ഉത്പാദന ശേഷി 10 ദശലക്ഷം ടൺ ആണ്. 2030-ൽ ഉത്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വർഷം അമേരിക്കയിലേക്കുള്ള സ്റ്റീൽ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ 50 ശതമാനം താരിഫ് കാരണമാണ് അമേരിക്കൻ സ്റ്റീൽ വ്യവസായം തിരികെ ജീവൻ വെക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറക്കുമതി നികുതി ഒഴിവാക്കാനായി വിദേശ കമ്പനികൾ അമേരിക്കയിൽ തന്നെ പ്ലാന്റുകൾ നിർമ്മിക്കാൻ മുന്നോട്ടുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ എസ്സാർ ഗ്രൂപ്പ് ഉടമകളായ റൂയിയാ കുടുംബാംഗങ്ങളും മെസാബി മെറ്റാലിക്‌സ് ചെയർമാൻ റേവന്ത് റൂയിയായും പങ്കെടുത്തു. അമേരിക്കയിൽ ഉത്പാദനത്തിന് മുൻഗണന നൽകിയതിൽ നന്ദിയുണ്ടെന്ന് റേവന്ത് റൂയിയാ പ്രതികരിച്ചു. അമേരിക്കൻ രാഷ്ട്രീയത്തിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വളരെ നിർണ്ണായകമായ ഒരു സംസ്ഥാനമാണ് അയോവ. 

വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ കടുത്ത മത്സരം നേരിടുന്ന സാഹചര്യമാണുള്ളത്. അയോവയിലെ വ്യവസായ പദ്ധതി തങ്ങളുടെ വലിയ സാമ്പത്തിക വിജയമായി ഉയർത്തിക്കാട്ടാനാണ് ട്രംപ് ശ്രമിക്കുന്നത്. വൈറ്റ് ഹൗസിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ അയോവയിൽ നിന്നുള്ള പ്രമുഖ റിപ്പബ്ലിക്കൻ നേതാക്കളും സ്ഥാനാർത്ഥികളും പങ്കെടുത്തിരുന്നു. യുഎസ് സെനറ്റിലേക്ക് മത്സരിക്കുന്ന ആഷ്ലി ഹിൻസൺ, ജനപ്രതിനിധി സഭയിലേക്ക് വീണ്ടും മത്സരിക്കുന്ന മരിയാനെറ്റ് മില്ലർ-മീക്സ്, ഗവർണർ കിം റെയ്‌നോൾഡ്‌സ്, സെനറ്റർ ജോണി ഏണസ്റ്റ് എന്നിവർ ചടങ്ങിലുണ്ടായിരുന്നു. ഈ നേതാക്കൾക്കൊപ്പം അയോവയിൽ ഉടൻ തന്നെ വൻ പ്രചാരണ റാലി നടത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

എസ്സാർ ഗ്രൂപ്പ്

1969-ൽ ശശി റൂയിയാ, രവി റൂയിയാ എന്നീ സഹോദരങ്ങൾ ചേർന്ന് ഇന്ത്യയിൽ ആരംഭിച്ച വ്യവസായ ശൃംഖലയാണ് എസ്സാർ ഗ്രൂപ്പ്. ചെന്നൈ തുറമുഖത്തെ നിർമ്മാണ കരാറോടെയാണ് കമ്പനിയുടെ തുടക്കം. ഇന്ന് ഊർജം, ഖനനം , സാങ്കേതികവിദ്യ , റീട്ടെയിൽ തുടങ്ങിയ നിരവധി മേഖലകളിൽ എസ്സാർ ഗ്രൂപ്പിന് വ്യവസായങ്ങളുണ്ട്. മുംബൈയിലാണ് കമ്പനിയുടെ പ്രധാന ആസ്ഥാനം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 80,000 കോടിയാണ് കമ്പനിയുടെ ആസ്തി.

ഊർജ മേഖലയിൽ എണ്ണ ശുദ്ധീകരണം, എണ്ണ-വാതക പര്യവേഷണം, വൈദ്യുതി ഉത്പാദനം, ഹൈഡ്രജൻ പദ്ധതികൾ എന്നിവയും സ്റ്റീൽ നിർമ്മാണം, ഇരുമ്പയിര്, കോൾബെഡ് ഖനനം, തുറമുഖങ്ങൾ, ഷിപ്പിംഗ് , നിർമ്മാണ പദ്ധതികൾ, റീട്ടെയിൽ തുടങ്ങി വിപുലമായ വ്യവസായ ശൃംഖലയാണ് കമ്പനിക്കുള്ളത്.

ഗുജറാത്തിലെ ഹസീറയിലുള്ള സ്റ്റീൽ പ്ലാന്റും വാദിനാറിലെ റിഫൈനറിയുമാണ് ഇവരുടെ ഇന്ത്യയിലെ രണ്ട് പ്രധാന സംരഭങ്ങൾ. യുകെയിലെ സ്റ്റാൻലോ റിഫൈനറിയെ അടുത്തിടെ എസ്സാർ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. കമ്പനി സൗദി അറേബ്യയിലും കുറഞ്ഞ കാർബൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ സ്റ്റീൽ പ്ലാന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. 2011-ൽ ഷെല്ലിൽ നിന്ന് ഏറ്റെടുത്ത സ്റ്റാൻലോ റിഫൈനറിയും, വെർടെക്‌സ് ഹൈഡ്രജൻ പദ്ധതിയും യുകെയിൽ എസ്സാർ ഓയിൽ നടത്തുന്ന വ്യവസായങ്ങളാണ്. 2007-ൽ മിനസോട്ട സ്റ്റീൽ ഏറ്റെടുത്തതിലൂടെ 1.4 ബില്യണിലധികം ടൺ ഇരുമ്പയിര് നിക്ഷേപമുള്ള 'മെസാബി മെറ്റാലിക്‌സ്' എസ്സാർ ഗ്രൂപ്പിന്റെ യുഎസ് അനുബന്ധ കമ്പനിയായി പ്രവർത്തിക്കുന്നു. മിനസോട്ടയിലെ നാഷ്വാക്കിലാണ് ആസ്ഥാനം.