ഒരു നേരം ഭക്ഷണം കണ്ടെത്താന്‍ ബുദ്ധിമുട്ടുമ്പോഴും മക്കളുടെ വിദ്യാഭ്യാസത്തിനായി ഓരോ രൂപയും സ്വരൂപിച്ച മാതാപിതാക്കള്‍, അവരുടെ കഠിനപ്രയത്‌നങ്ങള്‍ക്ക് ജീവിതവിജയത്തിലൂടെ സമ്മാനം നല്‍കിയ മക്കള്‍. പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നോട്ടുപോകേണ്ടത് എങ്ങനെയാണെന്ന് സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ പങ്കുവെക്കുകയാണ് കോവിഡ് റിസേര്‍ച്ച് അസോസിയേറ്റായ നിതേഷ് ജെയ്‌സ്വാള്‍ എന്ന ഈ യുവാവ്. മുംബൈയിലെ ജീവിതങ്ങളെ പരിചയപ്പെടുത്തുന്ന ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മാതാപിതാക്കളും താനും കടന്നുവന്ന പ്രയാസമേറിയ പാതകളെ കുറിച്ച് നിതേഷ് തുറന്നുപറയുന്നത്.
ഉത്തര്‍പ്രദേശുകാരാണ് നിതേഷിന്റെ മാതാപിതാക്കള്‍. വിവാഹത്തെ തുടര്‍ന്ന് മെച്ചപ്പെട്ട ജീവിതം തേടിയായിരുന്നു മുംബൈയിലേക്കുളള ഇവരുടെ കുടിയേറ്റം. ഒരു രൂപ പോലും കൈയിലില്ലാതെ മുംബൈയിലെത്തിയ ഇവര്‍ താല്കാലികമായുണ്ടാക്കിയ മുള ഷെഡിലാണ് ജീവിതം ആരംഭിക്കുന്നത്. ദിവസങ്ങള്‍ നീണ്ട അലച്ചിലിനൊടുവില്‍ ഒരു ഫാക്ടറിയില്‍ നിതേഷിന്റെ പിതാവിന് ജോലി ശരിയായി. എന്നാല്‍ കുറച്ചുമാസങ്ങള്‍ പിന്നിട്ടതും ഫാക്ടറിയിലുണ്ടായ അപകടത്തില്‍ പെട്ട് പിതാവിന്റെ മൂന്നുവിരലുകള്‍ മുറിഞ്ഞുപോയി. നഷ്ടപരിഹാരം ഒന്നും നല്‍കാതെ കമ്പനി അദ്ദേഹത്തെ പിരിച്ചുവിട്ടു. മറ്റൊരു ജോലി തിരയുക എളുപ്പമായിരുന്നില്ല.
തന്നെയുമല്ല പരിക്കുഭേദമാകാതെ ജോലി ചെയ്യുക സാധ്യവുമായിരുന്നില്ല. കുടുംബം പുലര്‍ത്താന്‍ നിതേഷിന്റെ അമ്മ ലഭിക്കുന്ന ചെറിയ ചെറിയ ജോലികളെല്ലാം ചെയ്തു തുടങ്ങി. ഏകദേശം ഇതേ സമയത്താണ് നിതേഷിന് ഒരു സഹോദരന്‍ കൂടി ജനിക്കുന്നത്. പിതാവിനെ ഉപേക്ഷിച്ച് തിരികെ വീട്ടിലേക്ക് മടങ്ങാന്‍ അമ്മയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍ പരിക്കേറ്റ ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോകാന്‍ അമ്മ തയ്യാറായിരുന്നില്ല. അച്ഛനെ പരിചരിക്കലും ജോലിയുമായി അവര്‍ മുന്നോട്ടുപോയി. ആരോഗ്യം വീണ്ടെടുത്ത അച്ഛന്‍ പിന്നീട് ചെറിയ കച്ചവടം ആരംഭിച്ചു. മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുന്നതിനായി ലഭിക്കുന്ന ഓരോ തുട്ടും അവര്‍ സ്വരുക്കൂട്ടി. വിശന്നുകിടന്നുറങ്ങുമ്പോഴും അക്കാര്യത്തില്‍ അവര്‍ മുടക്കം വരുത്തിയിരുന്നില്ല. പതിയെ ഒരു വാടക വീട്ടിലേക്ക് താമസം മാറി.
എന്നാല്‍ അവിടെ അയല്‍ക്കാര്‍ പലതരത്തില്‍ നിതേഷിന്റെ കുടുംബത്തെ ബുദ്ധിമുട്ടിച്ചു. ഒരു നേരത്തെ അന്നത്തിന് ബുദ്ധിമുട്ടുമ്പോഴും മക്കളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിട്ട് പഠിപ്പിക്കുന്നതായിരുന്നു പലരുടേയും നീരസത്തിന് പ്രധാന കാരണം. എന്നാല്‍ നിതേഷും സഹോദരനും തളര്‍ന്നില്ല. അയല്‍ക്കാരെ അവഗണിക്കാനായി ലൈബ്രറിയിലേക്ക് പോയി രാവും പകലും കഠിനാധ്വാനം ചെയ്ത് നല്ല മാര്‍ക്കുകള്‍ തന്നെ കരസ്ഥമാക്കി.
ഇപ്പോഴും സമാധാനത്തോടെ കഴിയാന്‍ അയല്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന പരാതി നിതേഷിനുണ്ട്. നിതേഷ് പത്തില്‍ പഠിക്കുമ്പോള്‍ പഠനത്തില്‍ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാനായി ഉറക്കെ പാട്ടുവെക്കുകയും വഴക്കിന് വരികയും ചെയ്യും. നിതേഷും സഹോദരനും മെഡിക്കല്‍ ഫീല്‍ഡിലേക്ക് തിരിയുകയാണെന്ന് കണ്ടതോടെ ആ ശല്യം രൂക്ഷമായി. നിതേഷിന്റെ എന്‍ട്രന്‍സ് പരീക്ഷയുടെ തലേന്ന് വെള്ളം ചോരുന്നതിന്റെ കാര്യം പറഞ്ഞ് അയല്‍ക്കാര്‍ വഴക്കിനെത്തി. വഴക്ക് അടിപിടിയിലും പോലീസ് സറ്റേഷനിലുമാണ് അവസാനിച്ചത്. പിറ്റേന്ന് പരീക്ഷയുണ്ടെന്നും ജാമ്യം നല്‍കണമെന്നും നിതേഷ് കരഞ്ഞുപറഞ്ഞതിനെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് നിതേഷിനെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് മോചിപ്പിക്കുന്നത്.
എന്നാല്‍ ഈ പ്രതിസന്ധികളെയെല്ലാം അവര്‍ അതിജീവിച്ചു. നിതേഷിന്റെ സഹോദരന്‍ ഡെന്റല്‍ സര്‍ജറിയില്‍ ബിരുദം നേടി. നിതേഷ് കോവിഡ് റിസേര്‍ച്ച് അസോസിയേറ്റായി പ്രവര്‍ത്തിക്കുന്നു. കുടുംബത്തെ നോക്കാനാവുന്ന നിലയിലേക്ക് രണ്ടുപേരും വളര്‍ന്നു. ഇപ്പോഴും ആ പഴയ വാടകവീട്ടില്‍ തന്നെയാണ് ഇവര്‍ കഴിയുന്നത്. പുതിയൊരു ഫ്‌ളാറ്റ് വാങ്ങുന്നതിനായി ഇരുവരും പണം സ്വരുക്കൂട്ടി തുടങ്ങിയിട്ടുണ്ട്.
'ജീവിതത്തില്‍ നിങ്ങള്‍ എവിടെ നിന്ന് വരുന്നുവെന്നതല്ല നിങ്ങള്‍ എങ്ങോട്ട് പോകാന്‍ ആഗ്രഹിക്കുന്നു എന്നുളളതാണ് പ്രധാനം. എന്റെ മാതാപിതാക്കള്‍ അത് തെളിയിച്ചിരിക്കുകയാണ്.' നിതേഷ് പറയുന്നു.
Courtesy: Humans Of Bombay
Content Highlights: An inspiring life story of Nitesh jaiswal
Published: 30 Sept 2020, 12:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented