ന്യൂഡല്‍ഹി:  റഷ്യന്‍ ക്രൂഡോയിലിന്റെ പേരില്‍ ട്രംപ് ഇന്ത്യക്കെതിരെ ഏര്‍പ്പെടുത്തിയ 50 ശതമാനം നികുതി അവസരമാക്കി മാറ്റണമെന്ന് മുന്‍ നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. 'അത്യപൂർവ്വമായി മാത്രം ലഭിക്കുന്ന അവസരം' എന്നാണ് അമിതാഭ് കാന്ത് ഇതിനെ വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കരണത്തിനുള്ള വലിയ ചുവടുവെപ്പ് നടത്താനുള്ള അവസരമാണ് ട്രംപ് ഇന്ത്യയ്ക്ക് തുറന്നുനല്‍കിയതെന്നും അത് പൂര്‍ണമായും വിനിയോഗിക്കണമെന്നും അദ്ദേഹം തന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു.

To advertise here,

അതേസമയം, എന്തൊക്കെ തരത്തിലുള്ള പരിഷ്‌കരണമാണ് വേണ്ടതെന്ന്‌ അദ്ദേഹം പറയുന്നില്ല. ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്താനുള്ള ഉദ്ദേശ്യത്തിലാണോ നിര്‍ദ്ദേശമെന്നും വ്യക്തമല്ല. കയറ്റുമതിയെ അമിതമായി ആശ്രയിക്കാതെ ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്തിയാല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെ പരമാവധി മറികടക്കാനാകുമെന്ന് മുമ്പ് പല വിദഗ്ധരും വിശദീകരിച്ചിരുന്നു. ഈ ദിശയിലേക്കുള്ള പരിഷ്‌കരണമാണോ അമിതാഭ് കാന്ത് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.

ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്ക് ആദ്യം 25 ശതമാനം നികുതി യു.എസ് ഏര്‍പ്പെടുത്തിയിരുന്നു. റഷ്യയുമായുള്ള ഇന്ത്യയുടെ ക്രൂഡോയില്‍ ഇടപാടിന്റെ പേരില്‍  കഴിഞ്ഞ ദിവസം അത് 50 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു. അധിക തീരുവ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യു.എസ്സില്‍ വിലവര്‍ധിക്കുന്നതിന് ഇടയാക്കും. യു.എസിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 40-50 ശതമാനം വരെ കുറയുന്നതിനും കാരണമാകുമെന്നാണ് വിലയിരുത്തല്‍.

പ്രധാന കയറ്റുമതികളായ ലെതര്‍, രാസസ്തുക്കള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, രത്നങ്ങള്‍ എന്നിവയുടെ വിപണിയേയാണ് കാര്യമായി ബാധിക്കുകയെന്നാണ് വിലയിരുത്തല്‍.