ന്യൂഡല്‍ഹി: ഇന്ത്യയുടെ തനത് ഭാഷകളാണ് രാഷ്ട്രസ്വത്വത്തിന്റെ മര്‍മ്മമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ ഭാഷാപാരമ്പര്യത്തെ വീണ്ടെടുക്കണമെന്നും തനത് മാതൃഭാഷകളിലൂടെ അഭിമാനപൂര്‍വം ലോകത്തെ നയിക്കണമെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്ത് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവര്‍ താമസിയാതെ ലജ്ജിക്കുമെന്നും അത്തരമൊരു സമൂഹത്തിന്റെ സൃഷ്ടി വിദൂരമല്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഭാഷകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വിലമതിക്കാനാകാത്ത രത്‌നങ്ങളാണെന്നാണ് താന്‍ കരുതുന്നതെന്നും ആ ഭാഷകളുടെ അഭാവത്തില്‍ നാം യഥാര്‍ഥ ഇന്ത്യക്കാരല്ലാതായി തീരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

To advertise here,

വ്യാഴാഴ്ച മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ അഷുതോഷ് അഗ്നിഹോത്രിയുടെ 'മേം ബൂന്ദ് സ്വയം, ഖുദ് സാഗര്‍ ഹൂം' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊളോണിയല്‍ അടിമത്വത്തിന്റെ പ്രതീകമായി ലോകമെമ്പാടും ഇംഗ്ലീഷ് ഭാഷ അവഗണിക്കപ്പെടുമെന്നും ഷാ പറഞ്ഞു. "നമ്മുടെ രാജ്യത്തെയും സംസ്‌കാരത്തെയും ചരിത്രത്തെയും മതവിശ്വാസത്തെയും മനസ്സിലാക്കാന്‍ ഒരു വിദേശഭാഷയും പകരമാകില്ല. അപൂര്‍ണമായ വിദേശഭാഷകളിലൂടെ പൂര്‍ണമായ ഇന്ത്യയെ വിഭാവനം ചെയ്യാന്‍ സാധിക്കില്ല", ഷാ കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യന്‍ ഭാഷകളുടെ സംരക്ഷണത്തിനായുള്ള പോരാട്ടം അതികഠിനമാണെന്നും എന്നാല്‍ ആ പോരാട്ടത്തില്‍ ഇന്ത്യന്‍ സമൂഹം വിജയം വരിക്കുമെന്നും അമിത് ഷാ പറഞ്ഞു. "ആത്മാഭിമാനത്തോടെ നമ്മുടെ സ്വന്തം ഭാഷകളിലൂടെ നാം ലോകത്തെ നയിക്കും", ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.