ന്യൂഡൽഹി: ബി.ജെ.പിയുടെ ഐടി, സോഷ്യൽ മീഡിയ വിഭാഗം അധ്യക്ഷസ്ഥാനത്തുനിന്ന് അമിത് മാളവ്യയെ മാറ്റിയതിന് പിന്നിൽ ജെൻസി പ്രതിഷേധത്തിനും പങ്കുണ്ടോ? നേരിട്ടല്ലെങ്കിലും അമിത് മാളവ്യയുടെ സ്ഥാനചലനത്തിന് പിന്നിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നേതൃത്വം നൽകിയ ജെൻസി പ്രതിഷേധങ്ങൾക്കും പങ്കുണ്ടെന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ ദേശീയ ഭാരവാഹിപ്പട്ടികയിലാണ് മാളവ്യയ്ക്ക് പകരം ഛത്തീസ്ഗഡിൽനിന്നുള്ള ദീപക് മസ്കെ ഐടി, സോഷ്യൽ മീഡിയ വിഭാഗം അധ്യക്ഷനായി ഇടംപിടിച്ചത്.

To advertise here,

2015 മുതൽ ഐടി സെല്ലിന്റെ അമരത്തുണ്ടായിരുന്ന മാളവ്യയെ മാറ്റിയതോടെ പത്തുവർഷത്തിലധികം നീണ്ട നേതൃത്വത്തിനാണ് അവസാനമാകുന്നത്. മാളവ്യയെ സ്ഥാനത്തുനിന്ന് നീക്കിയതിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ നൽകാൻ പാർട്ടി തയ്യാറായിട്ടില്ലെങ്കിലും അഭ്യൂഹങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമാണ്. സി.ജെ.പി. നേതൃത്വം നൽകിയ വിദ്യാർഥി പ്രതിഷേധങ്ങളെ നേരിടുന്നതിൽ ഐടി സെല്ലിന് ഉണ്ടായ വീഴ്ച ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. മാത്രമല്ല, ഇതിനിടെ മെറ്റ പ്രതിനിധികളെ വിളിച്ചുവരുത്തി സർക്കാർ കർശനമായ താക്കീതുകൾ നൽകിയതും ഇതുമായി കൂട്ടിവായിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. മാത്രമല്ല, സിജെപി പ്രക്ഷോഭത്തിന് പിന്നാലെ നേതാക്കളോട് റീലുകളിലൂടെ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകാൻ പ്രധാനമന്ത്രിതന്നെ ആഹ്വാനംചെയ്യുകയും ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിൽ ബി.ജെ.പി. നേരിടുന്ന കടുത്ത മത്സരവും ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ യുവാക്കളിലേക്ക് എത്തുന്നതിൽ പരാജയവും സംഭവിച്ചിട്ടുണ്ടെന്ന വിലയിരുത്തൽ പാർട്ടിക്കുള്ളിലുണ്ട്. പ്രതിഷേധങ്ങൾക്കിടയിൽ ബി.ജെ.പിയുടെ ഐടി സെൽ ഉൾപ്പെടെയുള്ള മീഡിയ ടീം അടിസ്ഥാന യാഥാർഥ്യങ്ങളിൽനിന്ന് അകന്നുപോയെന്ന് ആർ.എസ്.എസ്. നിരീക്ഷകൻ രത്തൻ ശാരദ ഉൾപ്പെടെയുള്ളവർ വിമർശനം ഉന്നയിച്ചിരുന്നു. പൗരന്മാരെ അധിക്ഷേപിക്കുന്നതും ട്രോൾ ചെയ്യുന്നതും ഗൗരവകരമായ പ്രശ്നമാണെന്നും രത്തൻ വിമർശിച്ചിരുന്നു.

യുവാക്കളിലേക്ക് എത്തുന്നതിനായി ബി.ജെ.പി. ഇപ്പോഴും പഴയ കാലത്തെ മാർഗങ്ങളാണ് ഉപയോഗിക്കുന്നതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെടുന്നത്. 2014-ൽ ഉപയോഗിച്ചിരുന്ന രീതികൾ 2026-ൽ ഫലപ്രദമാകില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. യുവാക്കളിലേക്ക് എത്തുന്നതിൽ പാർട്ടിക്ക് വീഴ്ചപറ്റിയെന്നും ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പാർട്ടിയുടെ പ്രകടനം മോശമാണെന്നും ഈ കാലയളവിൽ വിലയിരുത്തലുണ്ടായി. പുതിയ തലമുറയെ ലക്ഷ്യമിട്ട് തയ്യാറാക്കിയ പരസ്യങ്ങളും പോസ്റ്റുകളും പോലും അവർക്കിടയിൽ വിമർശനത്തിന് കാരണമായതായാണ് വിലയിരുത്തൽ.

ദീർഘകാലം ഒരേ വ്യക്തിതന്നെ നേതൃസ്ഥാനത്ത് ഇരിക്കുന്നത് പുതിയ ആശയങ്ങൾ വരുന്നതിനെ ബാധിച്ചുവെന്നും 'ജെൻ സി' പ്രതിഷേധങ്ങളോട് പ്രതികരിക്കുന്നതിൽ ഐടി സെല്ലിന് ഉണ്ടായ വീഴ്ച ഇത് വ്യക്തമാക്കുന്നുവെന്നുമാണ് ഉയർന്ന മറ്റൊരു വിമർശനം. യുക്തിക്ക് പകരം അമിതമായ ആക്രമണോത്സുകത കാണിക്കുന്നത് പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയതായും വിവരമുണ്ട്. മാത്രമല്ല, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ  കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിൽനിന്ന് ബി.ജെ.പി. നേരിടുന്ന കടുത്ത മത്സരവും ഈ മാറ്റത്തിന് കാരണമായി പറയപ്പെടുന്നു.

ഇക്കാര്യത്തിൽ വിവിധ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ബി.ജെ.പി. വൃത്തങ്ങൾ ഇത് തള്ളി. കഴിഞ്ഞ കുറച്ചു മാസങ്ങളിലെ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഈ മാറ്റമെന്ന വിശകലനം ശരിയല്ലെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. 11 വർഷമായി ഐടി സെല്ലിന്റെ ചുമതല വഹിക്കുന്നതിനൊപ്പം പശ്ചിമ ബംഗാളിന്റെ സഹചുമതലയും അമിത് മാളവ്യ വഹിച്ചിരുന്നു. 2019-ലെയും 2024-ലെയും ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം ഈ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് മാളവ്യ തന്നെ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നതായാണ് പാർട്ടി നൽകുന്ന സൂചന. മാത്രമല്ല, തന്റെ പകരക്കാരായി വരേണ്ടവരുടെ പേരുകൾ അദ്ദേഹം നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഉത്തർപ്രദേശിലെ ജാതി-രാഷ്ട്രീയ സമവാക്യങ്ങളും മാളവ്യയെ പുതിയ ഭാരവാഹി പട്ടികയിലെ മറ്റു പ്രധാനപദവികളിൽ ഉൾപ്പെടുത്തുന്നതിന് തടസമായതായി പറയപ്പെടുന്നു. അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽനിന്നുള്ള നിരവധി നേതാക്കൾ നിലവിൽ ദേശീയ ഭാരവാഹി പട്ടികയിലുണ്ട്. സ്മൃതി ഇറാനി, ഹരീഷ് ദ്വിവേദി എന്നിവർ ജനറൽ സെക്രട്ടറിമാരായും രേഖ വർമ, താരിഖ് മൻസൂർ എന്നിവർ വൈസ് പ്രസിഡന്റുമാരായും നിയമിതരായിട്ടുണ്ട്.

മാളവ്യയെപ്പോലെ ബ്രാഹ്മണ സമുദായത്തിൽനിന്നുള്ള ഹരീഷ് ദ്വിവേദിക്ക് ജനറൽ സെക്രട്ടറി സ്ഥാനം നൽകിയതോടെ മാളവ്യയെ ആ പദവിയിൽ പരിഗണിക്കാൻ സാധിക്കാതെവന്നു. ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആവശ്യമായ സീനിയോറിറ്റി അദ്ദേഹത്തിനില്ലെന്നതും മറ്റ് പദവികൾ നൽകുന്നതിന് തടസമായി.

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബി.ജെ.പി. ആദ്യമായി അധികാരത്തിലെത്തിയതിൽ സഹചുമതലയുള്ളയാൾ എന്ന നിലയിലുള്ള മാളവ്യയുടെ പ്രവർത്തനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. താഴേത്തട്ടിൽവരെ പാർട്ടിയെ സജ്ജമാക്കുന്നതിൽ അദ്ദേഹം മികച്ച രീതിയിൽ പ്രവർത്തിച്ചു. മാത്രമല്ല, മാളവ്യയുടെ കാലയളവിൽ ബി.ജെ.പിയുടെ ഡിജിറ്റൽ സാന്നിധ്യം വൻതോതിൽ വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

2013-ൽ എക്സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) രണ്ട് മുതൽ മൂന്ന് ലക്ഷംവരെ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ബി.ജെ.പിക്ക് ഇന്ന് 23 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ഇതേ കാലയളവിൽ കോൺഗ്രസിന്റെ ഫോളോവേഴ്‌സ് 11 ദശലക്ഷം മാത്രമാണ്. ഫേസ്ബുക്കിലും യൂട്യൂബിലും ബി.ജെ.പി. വലിയ മുന്നേറ്റം നടത്തി. ഫേസ്ബുക്കിൽ നിലവിൽ ബി.ജെ.പിക്ക് 16 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിലവിൽ 100 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടെങ്കിൽ രാഹുൽ ഗാന്ധിക്ക് 27 ദശലക്ഷം പേരാണുള്ളത്. എതിരാളികൾ മാളവ്യയ്ക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കാറുണ്ടെങ്കിലും പാർട്ടിയുടെ നയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും പ്രതിപക്ഷത്തിന്റെ ആക്രമണങ്ങളെ ചെറുക്കുന്നതിലും അദ്ദേഹം മികച്ച രീതിയിൽ പ്രവർത്തിച്ചുവെന്നാണ് ബി.ജെ.പി. നേതൃത്വത്തിന്റെ വിലയിരുത്തൽ.

ദീപക് മസ്കെയ്ക്കൊപ്പം മഹാരാഷ്ട്രയിൽനിന്നുള്ള പ്രീതി ഗാന്ധി, ഡൽഹിയിൽ നിന്നുള്ള ശിവാനന്ദ് ദ്വിവേദി, ഉത്തരാഖണ്ഡിൽ നിന്നുള്ള അലോക് ഭട്ട്, ഹരിയാനയിൽനിന്നുള്ള അരുൺ യാദവ് എന്നിവരെ സോഷ്യൽ മീഡിയ കോർഡിനേറ്റർമാരായി നിയമിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ സാന്നിധ്യം ശക്തമാക്കുന്നതിനൊപ്പം പുതുതലമുറയെ പാർട്ടിയോട് അടുപ്പിക്കുക എന്നതാണ് പുതിയ ടീമിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. മാളവ്യയുടെ പുതിയ ചുമതല സംബന്ധിച്ച് പാർട്ടി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.