
അപകടത്തിന്റെ സിസിടിവി ദൃശ്യത്തിൽനിന്ന് | ഫോട്ടോ - x.com/Nilesh_isme
ഠാണെ: മഹാരാഷ്ട്രയിലെ അംബര്‍നാഥിലെ ഒരു മേല്‍പ്പാലത്തിലുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. നാലു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സ്ഥാനാര്‍ഥിയുമായി കടന്നുപോവുകയായിരുന്ന കാറിന്റെ ഡ്രൈവര്‍ക്ക് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് എതിരേ വന്ന മറ്റു വാഹനങ്ങളില്‍ ഇടിച്ചു. ഇതാണ് അപകടത്തിനിടയാക്കിയത്. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നാലോ അഞ്ചോ വാഹനങ്ങളില്‍ ഇടിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
ഠാണെ ജില്ലയിലെ അംബര്‍നാഥ് ഈസ്റ്റിനെയും വെസ്റ്റിനെയും ബന്ധിപ്പിക്കുന്ന അംബര്‍നാഥ് മേല്‍പ്പാലത്തില്‍ വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി ശിവസേനയുടെ പ്രാദേശിക സ്ഥാനാര്‍ഥിയായ കിരണ്‍ ചൗബേ, വെസ്റ്റില്‍നിന്ന് ഈസ്റ്റിലേക്ക് പുറപ്പെടവേ ആണ് അപകടം. യാത്രയ്ക്കിടെ ഡ്രൈവറായ ലക്ഷ്മണ് ഷിന്‍ഡേയ്ക്ക് ഹൃദയാഘാതമുണ്ടായി. തത്ഫലമായി കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡര്‍ മറികടന്ന് അഞ്ചോളം വാഹനങ്ങളുമായി കൂട്ടിയിടിച്ചു. ചില ഇരുചക്രവാഹനങ്ങളിലും വാഹനം ചെന്നിടിച്ചു. അതിശക്തമായ ഇടിയില്‍ കാര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര് സംഭവസ്ഥലത്തുവെച്ച് മരണപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ഡ്രൈവര്‍ക്ക് പെട്ടെന്ന് ഹൃദയാഘാതമുണ്ടായതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണെന്നും കാര്‍ അമിത വേഗത്തിലായിരുന്നെന്നുമടക്കം നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഉല്ലാസ് നഗറിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള നടപടിക്രമങ്ങളാരംഭിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഡ്രൈവര്‍ക്കു പുറമെ, സുമിത് ചെലാനി, ശൈലേഷ് യാദവ് എന്നിവരാണ് സംഭവസ്ഥലത്തുവെച്ച് മരിച്ചത്. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന പ്രാദേശിക മുനിസിപ്പാലിറ്റി ജീവനക്കാരനായ ചന്ദ്രകാന്ത് അനര്കെയ്ക്കും മേല്‍പ്പാലത്തില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹം പിന്നീട് ആശുപത്രിയിലും മരിച്ചു. അതേസമയം സ്ഥാനാര്‍ഥിയായ ചൗബേ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. ചൗബേയുടെ സഹായികളായ അമിത്, അഭിഷേക് എന്നിവര്‍ക്കും പരിക്കേറ്റു.
Content Highlights: Tragic Ambarnath Flyover Accident Claims Four Lives, Injures Several Others
Published: 22 Nov 2025, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented